പന്തളം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും പന്തളത്ത് 12 വീടുകൾ തകർന്നു. കാർഷിക വിളകളും വ്യാപകമായി നശിച്ചു. കെ എസ് ഇ ബിക്കും വൻ നഷ്ടമാണുണ്ടായത്.
പന്തളം കെ എസ് ഇ ബിയുടെ പരിധിയിൽ 28 പോസ്റ്റുകൾ ഒടിഞ്ഞുവീണു. ഇടപ്പോൺ 220 കെ.വി സബ് സ്റ്റേഷനിൽ നിന്ന് പന്തളം 33 കെ.വി സബ് സ്റ്റേഷനിലേക്കുള്ള ലൈനിൽ ചേരിക്കൽ രണ്ടാംകുറ്റി ഭാഗത്ത് മരം വീണു ലൈൻ തകർന്നു. 11 കെ.വി ലൈനുകളും ഉൾപ്പെടെ 80 സ്ഥലത്ത് ലൈനുകൾ തകർന്നു. വിവിധയിടങ്ങളിൽ രണ്ടു ദിവസമായി നിലച്ച വൈദ്യുതി ബന്ധം ഇന്നുച്ചയോടെയേ പൂർണ്ണമായി പുനസ്ഥാപിക്കാൻ കഴിയു.
കുരമ്പാല, പൂഴിക്കാട്, മങ്ങാരം, പെരുമ്പുളിക്കൽ എന്നിവിടങ്ങളിൽ വ്യാപകമായാണ് കൃഷികൾ നശിച്ചത്. കുരമ്പാല മണ്ണിൽവയലിലെ പുത്തൻകളീക്കൽ ഭാസ്‌കരന്റെ 1300 മൂട് മരച്ചീനി, ചേന എന്നിവ നശിച്ചു. പാലപ്പള്ളിൽ ഗോമതിയുടെ ഏത്തവാഴ, ചേനക്കൃഷികളും, ശ്രീവിഹാറിൽ അനന്തപത്മനാഭന്റെ നൂറോളം ഏത്തവാഴകളും ,വള്ളിക്കാനാ വയലിലെ കാർഷിക വിളകളും നശിച്ചു. കടയ്ക്കാട് കൃഷണഭവനിൽ രാധാകൃഷ്ണപിള്ളയുടെ വാഴക്കൃഷി പൂർണ്ണമായും നശിച്ചു.
കരിങ്ങാല പുഞ്ചയിൽ നെല്ലിക്കൽ രണ്ടാം കുറ്റി ഭാഗത്ത് പത്തേക്കറോളം നെൽകൃഷിയാണു നശിച്ചത്. പെരുമ്പുളിക്കൽ സുജാതാ ഭവനിൽ ഗംഗാധരൻ നായരുടെ വെറ്റില, പയർ, പാവൽ കൃഷികൾ നശിച്ചു. പ്ലാന്തോട്ടത്തിൽ സുകുമാരക്കുറുപ്പിന്റെ കൃഷികളും നശിച്ചു. താമരയ്യത്ത് ഗോപിനാഥക്കുറുപ്പിന്റെ വെട്ടാറായ പതിനഞ്ചോളം റബർ മരങ്ങൾ കടപുഴകി. മങ്ങാരം മേഖലയിലും നിരവധി കർഷകരുടെ വിളകളെല്ലാം നഷ്ടപ്പെട്ടു.