തണ്ണിത്തോട്: ബിനീഷിന്റെ മരണശേഷം വീണ്ടും കടുവയെ കണ്ടത് ജനങ്ങളിൽ ഭീതി പരത്തി. മേടപ്പാറ പുള്ളിപ്പാറയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നുമണിയൊടെ മൃതദേഹം കാണാനെത്തിയവരുടെ സമീപത്തേക്കാണ് വീണ്ടും കടുവയെത്തിയത്. പൊലീസ് നടപടികൾക്കായി മൃതദേഹം എടുക്കുന്നതിന് മുൻപായിരുന്നു ഇത്. നാട്ടുകാർ ബഹളംവച്ചതിനെ തുടർന്ന് റബ്ബർ തോട്ടത്തിലെ പൊന്തക്കാട്ടിലേക്ക് ഒാടിമറഞ്ഞു. റോഡിലിരുന്ന ഇരുചക്ര വാഹനത്തിന്റെ സീറ്റും കടുവ കടിച്ചു പറിച്ചു. ശക്തമായ കാറ്റും മഴയും ആയതിനാൽ ജനങ്ങൾ ഭീതിയിലായിരുന്നു. തോട്ടത്തിലെ കുറ്റിക്കാടുകളിൽ മുൻപും വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുണ്ടായിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു.
തണ്ണിത്തോട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ മേടപ്പാറ വനമേഖലയോട് ചേർന്ന പ്രദേശമാണിത്. പ്ലാന്റഷൻ കോർപ്പറേഷന്റെ റബ്ബർ തോട്ടങ്ങളിൽ തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം പതിവാണ്. ഒരു വർഷം മുൻപ് പുലിയുടെ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടതായി പഞ്ചായത്തംഗം എം.എസ്.ഇന്ദിര പറഞ്ഞു. വല്യകാലായിൽ രാജന്റെ പശു, സുരേന്ദ്രന്റെ പശുകിടാവ്, ഈട്ടിമൂട്ടിൽ റെജിമോന്റെ 9 ആട്ടിൻ കുട്ടികൾ എന്നിവയെ പുലി കൊന്നിട്ടുണ്ട്. രാവിലെ ടാപ്പിംഗിന് പോകുന്ന തൊഴിലാളികൾ പുലിയെ കണ്ടിട്ടുമുണ്ട്.
രണ്ട് വർഷം മുൻപ് ഈ വനമേഖലയൊട് ചേർന്ന് കിടക്കുന്ന കൊക്കാത്തോട് കിടങ്ങിൽ രവി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തണ്ണിത്തോട് മേടപ്പാറയിൽ കടുവയെ പിടിക്കാൻ കൂട് സ്ഥാപിക്കുമെന്ന് വനപാലകർ പറഞ്ഞു .