തിരുവല്ല: യു.എ.ഇയിൽ നിന്ന് വ്യാഴാഴ്ച രാത്രി കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രവാസികളിൽ രണ്ടുപേർ തിരുവല്ലയിലെത്തി. നെടുമ്പ്രം, പെരിങ്ങര സ്വദേശികളായ രണ്ടുപേരാണ് ഇവിടെ എത്തിച്ചേർന്നത്. ഇതിൽ നെടുമ്പ്രം സ്വദേശിയായ യുവതി ഗർഭിണി ആയതിനാൽ വീട്ടിൽ നിരീക്ഷണത്തിലാക്കി. പെരിങ്ങര സ്വദേശിയായ യുവാവിനെ ബന്ധുവീടായ റാന്നിയിലേക്ക് നിരീക്ഷണത്തിന് അയച്ചു. കുറ്റൂർ സ്വദേശിയായ ഒരാൾ മകന്റെ ചികിത്സയ്ക്കായി എത്തിച്ചേരുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും ഇവർ ചികിത്സയ്ക്കായി കൊച്ചിയിൽ തന്നെ കഴിയുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽപേർ നാട്ടിലേക്ക് എത്തുന്നുണ്ട്. ചെന്നൈ, ബാംഗ്ലൂർ, മുംബൈ എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി 40 പേർ ഇവിടെ മടങ്ങിയെത്തി. ഇവരെ ഏഴുദിവസം നിരീക്ഷണത്തിലാക്കാനാണ് അധികൃതർക്ക് നിർദ്ദേശം. എന്നാൽ തുടക്കത്തിൽ ഉണ്ടായ ആശയക്കുഴപ്പം കാരണം ഭൂരിഭാഗം പേരും വീടുകളിലേക്ക് പോയതായാണ് വിവരം. ഇവരെല്ലാം ഏഴുദിവസം വീടുകളിൽ കഴിയണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്നവരെ താമസിപ്പിക്കാൻ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പത് കൊവിഡ് കെയർ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടേക്ക് വിവിധ സർക്കാർ ജീവനക്കാരെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർമാരായും നിയമിച്ചിട്ടുണ്ട്. കേന്ദ്രം സ്ഥിതിചെയ്യുന്ന തദ്ദേശ സ്ഥാപനത്തിലെ മെഡിക്കൽ ഓഫീസറായിരിക്കും കേന്ദ്രത്തിലെ ഓൺ കോൾ മെഡിക്കൽ ഓഫീസർ. ഇതോടൊപ്പം നഴ്സ് ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരും ഉണ്ടാകും. കൂടാതെ വാർഡൻ, ശുചീകരണ ജോലിക്കാർ എന്നിവരെയും ഓരോ കേന്ദ്രത്തിലും സന്നദ്ധസേവകരായി രണ്ടുപേരെ വീതം നിയമിച്ചു. അടുത്തദിവസങ്ങളിൽ കൂടുതൽ പ്രവാസികളും അന്യസംസ്ഥാനക്കാരും നാട്ടിലെത്തുമെന്നാണ് അധികൃതർക്ക് ലഭിച്ചിരിക്കുന്ന വിവരം.

കൊവിഡ് കെയർ സെന്ററുകൾ
തിരുവല്ല മാർത്തോമ്മാ കോളേജ് ഹോസ്റ്റൽ, മാർത്തോമ്മാ സംഘം, ഹോട്ടൽ ബസോട്ട, ക്ലബ് സെവൻ, കെ.ജി.എ എലൈറ്റ്, അറ്റ്ലൻസ് റസിഡൻസി, ദർശന അക്കാദമി ലേഡീസ് ഹോസ്റ്റൽ, ഇന്റർനാഷനൽ ടൂറിസറ്റ് ഹോം, ശാന്തിനിലയം, മേനക റസിഡൻസി, റാഡ്കോ വനിതാ ഹോസ്റ്റൽ, ഹോട്ടൽ തിലക്, ബിലീവേഴ്സ് മെഡിക്കൽ കോളജ്, മാക്ഫാസ്റ്റ്, വൈ.ഡബ്ല്യു.സി.എ, വൈ.എം.സി.എ, പുഷ്പഗിരി മെഡിസിറ്റി വനിതാ ഹോസ്റ്റൽ, ടി.എം.എം നഴ്സിംഗ് കോളജ് ഹോസ്റ്റൽ, നൈസ് ലോഡ്ജ്, അമൃതാനന്ദമയി മഠം, ഡയറ്റ് ഹോസ്റ്റൽ, വളഞ്ഞവട്ടം ഹോട്ടൽ റോയൽ ഇന്ദ്രപ്രസ്ഥ, പരുമല പള്ളി പ്രാർത്ഥനാ ഹാൾ, കോയിപ്രം ഇന്റർ കൊളീജിയറ്റ് പ്രയർ ഫെലോഷിപ്, തോട്ടഭാഗം അച്ചൂസ് ലോഡ്ജ്, മാരാമൺ റിട്രീറ്റ് സെന്റർ, ഇരവിപേരൂർ ഒ.ഇ.എം പബ്ലിക് സ്കൂൾ, ലോയൽ കൺവെൻഷൻ സെന്റർ, തോട്ടപ്പുഴശേരി ഏബ്രഹാം മൽപാൻ ആശുപത്രി, നസ്രത്ത് കോളജ് ഹോസ്റ്റൽ.