പത്തനംതിട്ട: അബുദബിയിൽ നിന്ന് വ്യാഴാഴ്ച രാത്രി എയർ ഇന്ത്യ എക്‌​സ്പ്രസ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ വന്ന പത്തനംതിട്ട ജില്ലക്കാരിൽ നാലു പേരെ റാന്നി താലൂക്കിലെ റാന്നി ഗേറ്റ്വേ റസിഡൻസി കോവിഡ് 19 നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളും ഉൾപ്പെടെ നാല് പേരെയാണ് നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചത്. കുറിയന്നൂർ, പെരിങ്ങര, വെച്ചൂച്ചിറ, വായ്പൂർ സ്വദേശികളാണിവർ. ഗർഭിണികളായ നെടുമ്പ്രം, ഇരവിപേരൂർ സ്വദേശിനികൾ വിമാനത്താവളത്തിൽ നിന്ന് ടാക്‌സിയിൽ വീടുകളിൽ എത്തി നിരീക്ഷണത്തിലായി. പിതാവിന്റെ സംസ്​കാരവുമായി ബന്ധപ്പെട്ട് ദുബായിയിൽ നിന്ന് എയർ ഇന്ത്യ എക്‌​സ് പ്രസ് വിമാനത്തിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ചിറ്റാർ സ്വദേശി ആംബുലൻസിൽ ചിറ്റാറിലെ വീട്ടിൽ എത്തി നിരീക്ഷണത്തിലായി.
കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരുടെ യാത്ര ഒരേ കെ.എസ്.ആർ.ടി.സി ബസിലായിരുന്നു. കോട്ടയം ജില്ലയിൽ ഉള്ളവരെ അവിടെ ഇറക്കിയ ശേഷം
പുലർച്ചെ 4.53ന് ബസ് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലെത്തി. ജംഗ്ഷനിൽ ജില്ലാ കളക്ടർ പി.ബി.നൂഹ് പ്രവാസികളെ സ്വീകരിച്ചു. തുടർന്ന് 5.25 ന് നാലു പേരെയും റാന്നിയിലെത്തിച്ചു. റാന്നി ഡെപ്യൂട്ടി തഹസിൽദാർ എം.കെ.അജികുമാർ, പഴവങ്ങാടി വില്ലേജ് ഓഫീസർ ആർ സന്തോഷ് കുമാർ, റാന്നി താലൂക്ക് ആശുപത്രി ആർ.എം.ഒ വി.ആർ വൈശാഖ് എന്നിവർ ചേർന്നാണ് പ്രവാസികളെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചത്.
മേയ് 10ന് രാത്രി 10.45 ന് ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവർ ഉൾപ്പെടെ 200 യാത്രക്കാരുണ്ടാകും.