ഇലവുംതിട്ട: തൊഴിലാളികളെ കിട്ടാനില്ലാത്തതിനെ തുടർന്ന് മഞ്ഞനിക്കര-മുളക്കഴ റോഡ് നിർമ്മാണം പ്രതിസന്ധിയിൽ.മെഴുവേലി ജംഗ്ഷൻ മുതൽ ഇലവുംതിട്ട ജംഗ്ഷന് സമീപം വരെ മാത്രമാണ് പണി പൂർത്തീകരിച്ചിട്ടുളളത്.കോട്ട,ആലക്കോട്,നെടിയകാല,നല്ലാനിക്കുന്ന്,ഊന്നുകൽ,വാലുതറ തുടങ്ങിയ പലയിടങ്ങലിലും കലുങ്ക് നിർമ്മാണവും റോഡിന്റെ വശങ്ങളിലെ കരിങ്കൽ കെട്ടുകളും ഓട നിർമ്മാണങ്ങളുമാണ് നിലച്ചിരിക്കുന്നത്.യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മാണം നടന്നുവരുന്നതിനിടയിലാണ് ലോക്ഡൗൺ റോഡ് നിർമ്മാണത്തിന് വിലങ്ങുതടിയായത്.ലോക്ഡൗണിന് ഇളവ് ലഭിച്ചപ്പോൾ തൊഴിലാളി ക്ഷാമമാണ് റോഡ് നിർമാണത്തിന് വിനയായത്.ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ കിഫ്ബിയിൽ നിന്ന് 23 കോടിയുടെ പദ്ധതിക്ക് അനുമതി ലഭിച്ചാണ് നിർമ്മാണം തുടങ്ങിയത്.ലോക്ഡൗൺ ഇളവ് ലഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പണി പുനരാരംഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് കോട്ട ഉൾപ്പെടെ പലയിടങ്ങളിലും ടെക്‌നിക്കൽ പണി തുടങ്ങിയതായും നിർമ്മാണ ജോലികൾ തിങ്കളാഴ്ച ആരംഭിക്കുമെന്നും പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയർ വിനീത അറിയിച്ചു.