തണ്ണിത്തോട്: പ്ലാന്റെഷൻ കോർപ്പറേഷന്റെ റബ്ബർ തോട്ടത്തിൻ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവ മേടപ്പാറ ഈട്ടിമുട്ടിൽ റെജി മോന്റെ വീട്ടുമുറ്റത്ത് എത്തിയത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. റെജിമോന്റെ മകൻ സി.എ.വിദ്യാർത്ഥിയായ ജീവൻരാജ് പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ രാത്രി 11ന് വീടിന്റെ പിന്നിലെ കതക് തുറന്നപ്പോഴാണ് മുറ്റത്ത് കടുവ കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ കതകടച്ച് മുറിയിൽ കയറി വീട്ടുകാരെ വിവരമറിയിച്ചു. വീട്ടുകാർ അടുക്കളയിലെ ജനലിലൂടെ നോക്കുമ്പോൾ, ടാപ്പിംഗ് തൊഴിലാളി ബിനീഷിന്റെ മൃതദേഹം കാണാൻ പോയപ്പോൾ മഴ നനയാതിരിക്കാൻ ജീവൻരാജ് തലയിലിട്ടിരുന്ന തോർത്ത് കടിച്ചുപിടിച്ചുകൊണ്ട് കടുവ കിടക്കുന്നതാണ് കണ്ടത്. 20 മിനിട്ട് ഇവിടെ കിടന്ന കടുവ വീട്ടിലെ അടുക്കളയിൽ പാത്രം വീഴുന്ന ശബ്ദം കേട്ട് പൊന്തക്കാട്ടിലേക്ക് മറയുകയായിരുന്നു. ഇതിനിടെ വിവരമറിയിച്ചതിനെ തുടർന്ന് അയുധങ്ങളുമായി വനപാലകരും പൊലീസും സ്ഥലത്തെത്തി. പുലർച്ചെ 7 മണി വരെ പൊലീസും വനപാലകരും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. സമീപത്തെ പറമ്പുകളിൽ പലയിടത്തും കടുവയുടെ കാൽപ്പാടുകൾ കാണ്ടെത്തി. ഇതിനിടെ സംഭവം നാട്ടിൽ പരന്നതോടെ ജനങ്ങളും ഭീതിയിലായി. റെജിമോന്റെ 9 ആടുകളെ 3 വർഷം മുൻപ് പുലി കൊന്നിരുന്നു.