പത്തനംതിട്ട : കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കോന്നി താലൂക്കിൽ തണ്ണിത്തോട് പഞ്ചായത്തിൽ ഒന്നാം വാർഡ് അഞ്ചുകുഴി, രണ്ടാം വാർഡ് പഞ്ചായത്തുപടി എന്നീ പ്രദേശങ്ങളിൽ ജില്ലാ കളക്ടർ പി.ബി. നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലിൽ കൂടുതൽ ആളുകൾ കൂട്ടംകൂടുകയോ രക്ഷാ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കാനോ പാടില്ല. ഉത്തരവ് മേയ് 15ന് അർദ്ധരാത്രിവരെ പ്രാബല്യത്തിൽ ഉണ്ടാകും. (വനംവകുപ്പ് കടുവയെ പിടിച്ച് സുരക്ഷിതമായി ഉൾക്കാട്ടിലേക്ക് എത്തിക്കുന്ന സമയം മുതൽ ഈ ഉത്തരവ് റദ്ദാകും). ഉത്തരവ് ജനങ്ങളെ അറിയിക്കുന്നതിനായി മൈക്ക് അനൗൺസ്മെന്റ് നടത്തുന്നതിന് തണ്ണിത്തോട് എസ്.എച്ച്.ഒ നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു.
കോന്നി തണ്ണിത്തോട് വില്ലേജിൽ മേടപ്പാറ പ്ലാന്റേഷൻ കോർപ്പറേഷന്റെ സി ഡിവിഷൻ തോട്ടത്തിനകത്ത് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ ബിനീഷ് മാത്യു എന്നയാൾ കൊല്ലപ്പെട്ടിരുന്നു. ഈ പ്രദേശത്ത് ജനം തടിച്ചുകൂടുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും നിരോധനാജ്ഞ പുറപ്പെടുവിക്കുന്നത് ഉചിതമാണെന്നും അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ റിപ്പോർട്ട് നൽകി.
ഈ സ്ഥലം ജനവാസ മേഖലയോട് ചേർന്ന് ആയതിനാൽ വീണ്ടും കടുവയുടെ ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് റാന്നി ഡി.എഫ്.ഒ റിപ്പോർട്ട് നൽകി. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരമാണ് ജില്ലാകളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.