തണ്ണിത്തോട് : മേടപ്പാറയിൽ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടുന്നതിന് ആവശ്യമായ നടപടികൾ നിശ്ചയിക്കുന്നതിന് സർവകക്ഷി യോഗം ചേർന്നു.
കടുവയുടെ ആക്രമണത്തിനിരയായി യുവാവ് കൊല്ലപ്പെട്ട വിവരം അറിഞ്ഞതിനെ തുടർന്ന് സംഭവസ്ഥലത്ത് എത്തിയ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ വനം മന്ത്രി അഡ്വ.കെ.രാജുവുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടൽ നടത്തിയതിനെ തുടർന്നാണ് ഇന്നലെ സർവകക്ഷി യോഗം ചേർന്നത്. ആന്റോ ആന്റണി എം.പി, എം.എൽ.എ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തണ്ണിത്തോട് പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ കടുവയെ വെടിവച്ച് കൊല്ലണം എന്ന ആവശ്യം ഉയർന്നു.
നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കടുവ യുവാവിനെ ആക്രമിച്ച് കൊന്ന സ്ഥലത്ത് വനംവകുപ്പ് കൂടുകൾ സ്ഥാപിച്ചു. പ്രദേശത്തെ ജനവാസ മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനും ജാഗ്രതാ നിർദേശങ്ങൾ അനൗൺസ്‌മെന്റ് നടത്തി ബോധവത്കരിക്കുന്നതിനും തീരുമാനമായി.
ഡ്രോൺ നിരീക്ഷണം ശക്തിപ്പെടുത്തി കടുവയ്ക്കായി തെരച്ചിൽ ശക്തിപ്പെടുത്തും. സായുധരായ പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ സംയുക്തമായി സുരക്ഷ ശക്തമാക്കുന്നതിനും സർവകക്ഷി യോഗം തീരുമാനിച്ചു.
സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സായുധരായ കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്ന് അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർദ്ദ് പറഞ്ഞു.
കടുവയെ കാണപ്പെട്ട സ്ഥലത്തിന്റെ സമീപ വാർഡുകളിലെ പഞ്ചായത്തംഗങ്ങളെ ഉൾപ്പെടുത്തി ഇതുവരെ ഉണ്ടായിട്ടുള്ള സംഭവങ്ങളുടെ പൂർണ വിവരങ്ങൾ ശേഖരിക്കും. കടുവ ഇറങ്ങിയതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ കേസ് എടുക്കുന്നതിനും കൺട്രോൾ റും തുറക്കുന്നതിനും സർവകക്ഷി യോഗം തീരുമാനിച്ചു.
തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി, ബ്ലോക്ക് പഞ്ചായത്തംഗം പി.ആർ.രാമചന്ദ്രൻപിള്ള, കോന്നി തഹൽസീദാർ ശ്രീകുമാർ, അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർദ്, ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ ബൈജു കൃഷ്ണൻ,റാന്നി ഡി.എഫ്.ഒ എം. ഉണ്ണികൃഷ്ണൻ, വടശേരിക്കര റേഞ്ച് ഓഫീസർ ബി. വേണുകുമാർ, റാന്നി റേഞ്ച് ഓഫീസർ ആർ. അധീഷ്, റാന്നി ആർ ആർ റ്റി ഡെപ്യൂട്ടി ലിതേഷ് മാത്യു, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗിരി, തണ്ണിത്തോട് പൊലീസ് സി.ഐ അബ്ദുൾറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
കടുവയെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യം, വനംവകുപ്പ് കൂടുകൾ സ്ഥാപിച്ചു, ഡ്രോൺ നിരീക്ഷണം ശക്തി