sabarimala
sabarimala

പത്തനംതിട്ട: യുവതി പ്രവേശന വിധിയെ തുടർന്നുണ്ടായ സംഘർഷത്തിന് പിന്നാലെ കൊവിഡ് ലോക്ക് ഡൗണും ശബരിമലയിൽ ഭീമമായ വരുമാന നഷ്ടമുണ്ടാക്കി. ലോക്ക് ഡൗൺ നഷ്ടം ഇതുവരെ 51 കോടി രൂപയായി.

തീർത്ഥാടന കാലം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കേണ്ട ഉത്സവം, വിഷു ദിവസങ്ങളിൽ ലോക്ക്‌ ഡൗൺ ആയതിനാൽ ഭക്തരെ വിലക്കിയതിനാലാണ് വരുമാനം ഭീമമായി കുറഞ്ഞത്. അഞ്ച് ദിവസം വീതമുളള മാസപൂജകളിൽ രണ്ടെണ്ണവും ലോക്ക് ഡൗണിൽ മുടങ്ങി.

സാമ്പത്തിക പ്രതിസന്ധി അടുത്ത മാസം മുതൽ ജീവനക്കാരുടെ ശമ്പള വിതരണത്തെ ബാധിച്ചേക്കും. ലീവ് സറണ്ടർ, ശമ്പള പരിഷ്കരണം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഇപ്പോൾത്തന്നെ തടഞ്ഞിട്ടുണ്ട്.

മറ്റ് ക്ഷേത്രങ്ങളിലെ വരുമാനം കൂടി നിലച്ചതോടെ ബോർഡിന്റെ ആകെ നഷ്ടം നൂറ് കോടിക്ക് അടുത്താണ്. ഒരു മാസത്തെ ശമ്പളവും പെൻഷനും നൽകാൻ 40 കോടി വേണം.

കൊവിഡ് കാരണം ശബരിമലയിൽ മീനമാസ പൂജയ്ക്ക് ഭക്തരെ നിയന്ത്രിക്കുകയും ഉത്സവം വിലക്കുകയും ചെയ്തിരുന്നു. വഴിപാടുകൾ ഉപേക്ഷിച്ചതിനാൽ എട്ട് കോടിയുടെ നഷ്ടമുണ്ടായി.

മാർച്ചിലെ 10 ദിവസത്തെ ഉത്സവം ഉപേക്ഷിച്ചതിനാൽ 10 കോടിയും

ഏപ്രിലിലെ വിഷു ഉത്സവം ഉപേക്ഷിച്ചതിനാൽ 25 കോടിയും നഷ്‌ടമായി. മേയ് 15 മുതലുള്ള ഇടവ മാസ പൂജയ്ക്കും ഭക്തർക്ക് പ്രവേശനമില്ല. എട്ട് കോടിയാണ് നഷ്ടം.

@ നഷ്ടം ഇങ്ങനെ

2018 സംഘർഷം 98.66 കോടി

ലോക്ക്ഡൗണിലെ നഷ്ടം 51 കോടി

കൊടിയേറ്റ് ഉത്സവം 10 കാേടി

വിഷു ഉത്സവം 25 കോടി

രണ്ട് മാസ പൂജകൾ 16 കോടി

@ മേടമാസ പൂജ മുതലുള്ള ഒാൺലൈൻ വഴിപാടിൽ ലഭിച്ചത് 2 ലക്ഷം

@ ലേലം പിടിച്ചവർ പ്രതിസന്ധിയിൽ

ദേവസ്വം ക്ഷേത്രങ്ങളിൽ വഴിപാട് സാധനങ്ങൾ എത്തിക്കാൻ ലേലം പിടിച്ചവർ പ്രതിസന്ധിയിലായി. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ലേലം നടന്നത്. തുകയുടെ പകുതിയടച്ച് ലേലം പിടിച്ചപ്പോഴേക്കും ലോക് ഡൗൺ പ്രഖ്യാപിക്കുകയും ഉത്സവങ്ങൾ മുടങ്ങുകയും ചെയ്തു.

........................

'' സംഘർഷത്തെ തുടർന്നുണ്ടായ വരുമാന നഷ്ടം നികത്താൻ നൂറ് കോടി അനുവദിച്ചതിൽ 30 കോടി ലഭിച്ചിട്ടുണ്ട്. 10 കോടിയും കൂടി അനുവദിച്ചതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട്. സർക്കാരിനോട് വീണ്ടും സഹായം ചോദിക്കാൻ പറ്റിയ സാഹചര്യമല്ല ഇപ്പോഴത്തേത്. പ്രതിസന്ധി എങ്ങനെ മറികടക്കാമെന്ന് കൂടിയാലോചനയിലൂടെ തീരുമാനിക്കും.

എൻ. വാസു, ദേവസ്വം ബോർഡ് പ്രസിഡന്റ്.