പത്തനംതിട്ട : മാർച്ച് 7- പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇറ്റലിയിൽ നിന്നെത്തിയ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ സ്റ്റാഫ് നഴ്സുമാരായ അനുഗീതും ബഷീറയും ഞെട്ടി. ഒൻപതും പത്തും മാസം മാത്രമുള്ള, കുഞ്ഞുങ്ങളുടെ അമ്മമാരാണ് ഇരുവരും. പൂർണ ആരോഗ്യമെത്താത്ത കുഞ്ഞുങ്ങൾ. പക്ഷേ, ജോലിയിൽനിന്ന് മാറിനിന്നില്ല.
ബന്ധുക്കൾ പലരും ആശങ്കപ്പെട്ടു. അപ്പോഴും രണ്ടു പേരുടെയും അച്ഛനും ഭർത്താവും പറഞ്ഞു - ഡ്യൂട്ടി മറക്കരുത്. ഇരുവരും ഡ്യൂട്ടിക്കെത്തി. പി. പി. ഇ കിറ്റിന്റെ ചൂടിൽ വലഞ്ഞ്, പിഞ്ചോമനകളെ കൊഞ്ചിക്കാനാവാതെ, അവരെ പാലൂട്ടാനാവാതെ വിങ്ങൽ അടക്കി ഡ്യൂട്ടി നോക്കി.
അനുഗീതും ഭർത്താവ് രജീഷും കുഞ്ഞും കലഞ്ഞൂരിലെ രാജീവ് ഭവനത്തിലാണ് താമസിക്കുന്നത്. കുഞ്ഞിന്റെ പേര് ഇവ. 10 മാസം പ്രായം. കരളിന് വീക്കം ഉണ്ടായിരുന്നു. ചെറിയ മഞ്ഞയും. കൊവിഡ് ഡ്യൂട്ടി മാറ്റിയെടുക്കരുതോയെന്ന് ബന്ധുക്കൾ ചോദിച്ചു. നിനക്ക് ധൈര്യം ഉണ്ടേൽ പോയ്ക്കോ കുഞ്ഞിനെ ഞങ്ങൾ നോക്കിക്കോളാം എന്ന് ഭർത്താവും അച്ഛനും. കുഞ്ഞിനെ അച്ഛൻ അനിൽ കിളിമാനൂരിലെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി.
മാർച്ച് 8 ന് ആശുപത്രിയിൽ എത്തിയ അനുഗീത് 21നാണ് പിന്നെ കുഞ്ഞിനെ കാണുന്നത്. അപ്പോഴും പാലു കൊടുക്കാൻ കഴിഞ്ഞില്ല. വീട്ടിലും ഐസൊലേഷൻ. പി.പി.ഇ കിറ്റ് ധരിച്ചാൽ ജോലി കഴിയുന്നവരെ ഊരാൻ പാടില്ല. ചൂടിനൊപ്പം പാൽ കെട്ടിക്കിടന്നുള്ള വേദനയും അസ്വസ്ഥതയും. ജോലിക്കുശേഷം ഐസൊലേഷനിലും കഴിഞ്ഞിട്ടുവേണം മടങ്ങാൻ. ഇപ്പോഴും ജോലി തുടരുകയാണ്.
ബാപ്പ നൽകിയ ധൈര്യം
എന്ത് സംഭവിച്ചാലും മുന്നോട്ടുപോകണമെന്ന പ്രതിജ്ഞയുണ്ട് നഴ്സുമാർക്ക്. അതു മാത്രമാണ് ഓർത്തതെന്ന് ബഷീറ പറഞ്ഞു. ഒൻപതു മാസം പ്രായമായ കുഞ്ഞ് ഐന് തൂക്കം കുറവാണ്. പൊടിക്കുഞ്ഞിനെ ഇട്ടിട്ട് പോകണ്ടാന്ന് എല്ലാവരും പറഞ്ഞെങ്കിലും ബാപ്പ പിന്തുണച്ചു. രോഗം എല്ലാവർക്കും വരും നിന്റെ ജോലി നീ ചെയ്യ് - ബാപ്പ ബഷീർ പറഞ്ഞു.
കുലശേഖര പേട്ടയിൽ താന്നിൽ മുട്ടിൽ വീട്ടിൽനിന്ന് ദിവസവും പോയിവരികയായിരുന്നു. ജോലിക്കു ശേഷം ആശുപത്രിയിൽ കുളിക്കും. വീട്ടിൽ വന്നും കുളിക്കും. കുഞ്ഞിന് പാലു കൊടുക്കാതിരിക്കാനായില്ല. ഐൻ അല്ലാതെ ഐവ എന്നൊരു മകൾ കൂടിയുണ്ട്. ഭർത്താവ് നിസാറിന് കുവൈറ്റ് എയർപോർട്ടിലാണ് ജോലി. സഹോദരന്റെ ഭാര്യ ഷിഹാനയും കുവൈറ്റിൽ ഐസൊലേഷൻ ഡ്യൂട്ടിയിലാണ്.