അടൂർ : വൈലറ്റ് നിറത്തിലുള്ള വഴുതനങ്ങയും കുലകളായി നിൽക്കുന്ന തക്കാളിയും പച്ചമുളകും പയറും വിളഞ്ഞുകിടക്കുന്നത് കാണുമ്പോൾ കൊവിഡ് കാലത്തെ വിഷമതകൾ മറന്ന് എ.എസ്.ഐ ആർ.സുരേഷ് കുമാറിന്റെ മുഖത്ത് നിറഞ്ഞ ചിരി. രാവിലെ മുതൽ രാത്രി എട്ട് മണിവരെയും അടുത്ത ദിവസം രാത്രി എട്ട് മുതൽ രാവിലെ എട്ടുമണിവരെയും തുടർച്ചയായുള്ള ഡ്യൂട്ടിക്കിടയിലെ വിശ്രമസമയം ഇൗ നിയമപാലകനെ കൃഷഭൂമിയിലേക്ക് ഇറക്കുകയായിരുന്നു. പൊലീസ് വേഷവും തൊപ്പിയും അഴിച്ചുവെച്ച് കൂന്താലിയും തൂമ്പയും കൈയിലേന്തിയപ്പോൾ വിളഞ്ഞത് നിറഞ്ഞ സമൃദ്ധി. കൃഷിയോട് താൽപ്പര്യമില്ലാതിരുന്ന മക്കളും ഭാര്യയും ഇപ്പോൾ സുരേഷിന്റെ പാതയിലാണ്. പത്തനംതിട്ട അഡീഷണൽ എസ്. പി ഒാഫീസിലെ എ. എസ്.ഐ ആണ് തോട്ടുവ ഹരിശ്രീയിൽ സുരേഷ് കുമാർ. മുൻ കാലങ്ങളിൽ രാവിലെ ഡ്യൂട്ടിക്ക് പോയാൽ രാത്രിയിലാണ് തിരിച്ചെത്തുന്നത്. പച്ചക്കറികൾ വിലകൊടുത്ത് വാങ്ങുന്നതായിരുന്നു ശീലം. എന്നാൽ ലോക്ക് ഡൗൺ കാലം പഴയകാല കാർഷിക സമൃദ്ധിയിലേക്കുള്ള തിരിച്ചുപോക്കായെന്ന് സുരേഷ് കുമാർ പറഞ്ഞു. പ്ളസ് വൺ വിദ്യാർത്ഥിനിയായ മകൾ ആൽഫി സുരേഷിന് സ്കൂളിൽ നിന്ന് ലഭിച്ച പച്ചക്കറി വിത്തുകളും പള്ളിക്കൽ കൃഷിഭവനിൽ നിന്ന് ലഭ്യമാക്കിയ പച്ചക്കറിത്തൈകളുമാണ് കൃഷിയിലേക്ക് തിരിയാൻ പ്രചോദനമായത്. വിഷരഹിത പച്ചക്കറി സ്വന്തമായി വിളയിക്കാൻ ശ്രമം ആരംഭിച്ചതോടെ ഭാര്യ ബിന്ദുവും ബി.ടെക് വിദ്യാർത്ഥിയായ മകൻ അർജ്ജുനും കൃഷിയിടത്തിൽ സജീവമായി. വെണ്ടയ്ക്ക, മത്തൻ, കോവൽ , ചേമ്പ്, ഇഞ്ചി, ചീര തുടങ്ങി ഒട്ടുമിക്ക കാർഷികവിളകളും വിളയിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇൗ കുടുംബം.