തിരുവല്ല: കൊവിഡ് പ്രതിരോധത്തില്‍ തിരുവല്ല നിയോജകമണ്ഡലം മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് അവലോകനയോഗം വിലയിരുത്തി.മൂന്നാം ഘട്ടത്തില്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം മുന്നറിയിപ്പ് നൽകി. വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും തിരുവല്ല മണ്ഡലത്തില്‍ എത്തുന്നവര്‍ക്കായുള്ള കൊവിഡ് കെയര്‍ സെന്ററുകളുടെ സജ്ജീകരണങ്ങളും യോഗം വിലയിരുത്തി.തിരുവല്ല താലൂക്കിന് കീഴില്‍ 313 മുറികളും, മല്ലപ്പള്ളി താലൂക്കില്‍ 12 മുറികളും തയാറായിട്ടുണ്ട്.മറ്റ് സെന്ററുകള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായും തിരഞ്ഞെടുത്തിട്ടുണ്ട്.മണ്ഡലത്തില്‍ ഇതുവരെ കൊവിഡ് പോസിറ്റീവ് കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുവാന്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍,പഞ്ചായത്ത് പ്രസിഡന്റ്,സെക്രട്ടറി എന്നിവരെയും ആരോഗ്യ പ്രവര്‍ത്തകരെയും ചേര്‍ത്ത് സംയുക്ത യോഗം ചേരാന്‍ തീരുമാനിച്ചു. ഇതര സംസ്ഥാനത്ത് നിന്നും എത്തിയതും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതുമായ ആളുകളെ ഉടന്‍ കൊവിഡ് കെയര്‍ സെന്ററുകളിലെത്തിക്കും.മണ്ഡലത്തില്‍ കൂടുതല്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ കണ്ടെത്തും.എല്ലാ സെന്ററുകളിലെയും പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം.തിരുവല്ല റവന്യു ഡിവിഷണല്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വില്ലേജ് ഓഫീസര്‍മാര്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി പരിശോധിക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു.സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍,തിരുവല്ല തഹസില്‍ദാര്‍ ജോണ്‍വര്‍ഗീസ്, മല്ലപ്പള്ളി തഹസില്‍ദാര്‍ടി.എ മധുസൂദനന്‍നായര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.