10-k-raju

തണ്ണിത്തോട്: മേടപ്പാറയിലെ പ്ലാന്റെഷൻ കോർപ്പറേഷന്റെ റബ്ബർത്തോട്ടത്തിൽ ടാപ്പിംഗ് തൊഴിലാളിയെ കൊന്നശേഷം ജനവാസ മേഖലയിലിറങ്ങിയ കടുവയുടെ സാന്നിദ്ധ്യം ഡ്രോൺ നിരീക്ഷണത്തിൽ കണ്ടെത്തി. കടുവയെ പിടികൂടാൻ കുങ്കിയാനകളുടെ സഹായവും തേടും. വനം മന്ത്രി കെ.രാജുവിന്റെ അദ്ധ്യക്ഷതയിൽ തണ്ണിത്തോട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. കടുവയെ മയക്ക് വെടിവയ്ക്കാൻ ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയായെ നിയോഗിച്ചു. വനമേഖലയിൽ ഫോറസ്റ്റ് വെറ്റിനറി സർജൻ കുങ്കിയാനയുടെ പുറത്തിരുന്നു സഞ്ചരിച്ച് കടുവയെ കണ്ടെത്തി മയക്കുവെടിവയ്ക്കാനാണ് നീക്കം നടത്തുന്നത്.

കടുവയെ കൂട്ടിലാക്കാൻ കഴിഞ്ഞില്ലങ്കിൽ മയക്കുവെടിവച്ച് പിടികൂടി കാഴ്ചബംഗ്ലാവിലെത്തിക്കാനാണ് തീരുമാനം. മനുഷ്യരോടുള്ള ആക്രമം തുടരുകയും പിടിക്കാൻ കഴിയാതെ വരുകയും ചെയ്താൽ കടുവയെ വെടിവച്ച് കൊല്ലുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ മന്ത്രി ചീഫ് വെൽഡ് ലൈഫ് വാർഡനെ ചുവതലപ്പെടുത്തി.

യോഗത്തിൽ എം.എൽ.എ മാരായ കെ.യു. ജനീഷ് കുമാർ, രാജു ഏബ്രഹാം, ചീഫ് വെൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി, ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സജയ് കുമാർ, റാന്നി ഡി.എഫ് ഒ എം. ഉണ്ണികൃഷ്ണൻ, കോന്നി ഡി.എഫ്.ഒ. ശ്യാം മോഹൻലാൽ, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ തുടങ്ങിയവർ പങ്കെടുത്തു.

ബിനീഷിന്റെ കുടുംബത്തിന് 10 ലക്ഷം

മരിച്ച ബിനീഷ് മാത്യുവിന്റെ കുടുബത്തിന് നൽകുന്ന നഷ്ട പരിഹാര തുകയായ 10 ലക്ഷം രൂപയിൽ ആദ്യ ഗഡു 5 ലക്ഷം രൂപ അവകാശ സർട്ടിഫിക്കറ്റ് ലഭിച്ചാൽ 5 ദിവസങ്ങൾക്കുള്ളിൽ നൽകും.

വനം വകുപ്പ് കടുവയെ പിടികൂടാൻ സ്ഥാപിച്ച 2 കുടുകൾക്ക് പുറമേ 2 കൂടുകൾ കൂടി സ്ഥാപിക്കും. പ്രദേശത്ത് ഡ്രോൺ നിരീക്ഷണം കൂടുതൽ ശക്തമാക്കും. ഇവിടെ 21 ക്യാമറകൾ സ്ഥാപിച്ചു. റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ രണ്ട് ബാച്ചുകൾ സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്.

ആദ്യം മയക്ക് വെടി, ആവശ്യമെങ്കിൽ വെടിവച്ച് കൊല്ലും

പ്ലാന്റെഷൻ കോർപ്പറേഷന്റെ തോട്ടങ്ങൾ കാടുകയറിയ നിലയിലാണ്. റബ്ബർ തോട്ടത്തിലെ അടിക്കാടുകൾ തെളിക്കണം. എസ്റ്റേറ്റ് മാനേജർ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം.

കെ.രാജു,

വനം മന്ത്രി