ഹോം ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കും: ജില്ലാ പൊലീസ് മേധാവി
പത്തനംതിട്ട : ഒഴിവാക്കാനാകാത്ത അന്തർ ജില്ലാ യാത്രകൾക്ക് ഓൺലൈനിൽ അപേക്ഷിച്ചാൽ പാസ് ലഭ്യമാണെന്നും, അതിനു കഴിയാത്തവർക്ക് അതതു പൊലീസ് സ്റ്റേഷനിലെത്തി പാസ് നേടാവുന്നതാണെന്നും ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു. ഫോട്ടോ പതിപ്പിക്കുകയോ അപേക്ഷ എഴുതി നൽകുകയോ വേണ്ടതില്ല. എല്ലാ പൊലീസ് സ്റ്റേഷനിലും ഇതിനായി ഒരു രജിസ്റ്റർ സൂക്ഷിക്കേണ്ടതാണെന്നും, അപേക്ഷകനെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തണമെന്നും, അവരുടെ ഒപ്പ് രജിസ്റ്ററിൽ പതിക്കേണ്ടതാണെന്നും എസ്.എച്ച്.ഒ മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അപേക്ഷകന്റെ ഐഡന്റിറ്റി ഹാജരാക്കണം.
സ്വകാര്യ ഓഫീസുകളിലും സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവർക്ക് ജോലി ആവശ്യാർത്ഥം അന്തർജില്ലാ യാത്ര ചെയ്യുന്നതിന് പാസുകൾ സ്റ്റേഷനിൽ പോയി വാങ്ങേണ്ടതില്ല. എന്നാൽ, ലോക്ക് ഡൗൺ കഴിയുംവരെ പാസിനായി അപേക്ഷിക്കാം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ നിർബന്ധമായും ക്വാറന്റൈനിൽ പോകേണ്ടതും, മറ്റു വീടുകളിലേക്ക് പോകാൻ പാടില്ലാത്തതുമാണ്. ഇതു ലംഘിക്കുന്നത് കുറ്റകരമാണ്. ഇവരെ നിരീക്ഷിക്കാൻ ജില്ലയിലെ ജനമൈത്രി ബീറ്റ് ഓഫീസർമാരെ ചുമതലപ്പെടുത്താൻ എല്ലാ എസ്.എച്ച്.ഒമാർക്കും നിർദേശം നൽകിയതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ജീവൻരക്ഷാ ഔഷധങ്ങളും മറ്റും ആവശ്യക്കാർക്ക് എത്തിക്കുന്നതിൽ ജനമൈത്രി പൊലീസ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.
അനധികൃതമായി പാറ, മെറ്റൽ, മറ്റു ക്രെഷർ ഉത്പന്നങ്ങൾ കടത്തുന്നവർക്കെതിരെ പരിശോധന തുടരുന്നതായും, ഇന്നലെയും ഇന്നും ഇത്തരത്തിലുള്ള വാഹനങ്ങൾ പിടികൂടി നിയമനടപടികൾ സ്വീകരിച്ചതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ഇന്നലെ ലോക്ഡൗൺ ലംഘനങ്ങൾക്ക് 187 കേസുകൾ രജിസ്റ്റർ ചെയ്യുകയും 199 പേരെ അറസ്റ്റ് ചെയ്യുകയും 132 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയ 42 പേർക്ക് ഇന്നലെ നോട്ടീസ് നൽകി
.