പത്തനംതിട്ട:പ്രളയത്തെ അതിജീവിച്ച് കരകയറിയ ആറൻമുളയിലെ പരമ്പരാഗത തൊഴിലുകാരെ കൊവിഡ് ലോക്ക് ഡൗൺ വീണ്ടും തളർത്തി.

പൈതൃക ഗ്രാമമായ ആറൻമുളയെ ആഗോള പ്രശസ്തമാക്കിയ ആറന്മുള കണ്ണാടി നിർമ്മിക്കുന്ന പാരമ്പര്യ തൊഴിലാളികളും കുടിൽ വ്യവസായികളുമാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആറന്മുളയിലെ കുടിൽ വ്യവസായങ്ങൾ എല്ലാം പൂട്ടി. ക്ഷേത്ര ഗ്രാമത്തിലെ അനുബന്ധ തൊഴിലുകളും നിലച്ചു. നൂറുകണക്കിന് തൊഴിലാളികളാണ് ദുരിതത്തിലായത്. ആറന്മുള കണ്ണാടി, സദ്യ, ഖാദി തുടങ്ങിയവയെല്ലാം നിശ്ചലമായി.

@ നിറം മങ്ങി കണ്ണാടി

ആറൻമുള കണ്ണാടി നിർമാണം തുടരാൻ കഴിയാത്ത വിധം പ്രളയത്തിൽ ചെളി നശിച്ചു. ആറന്മുളയിലെ പരമ്പരാഗത കുടുംബങ്ങളിൽ പെട്ടവരാണ് കണ്ണാടി നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇവർക്കൊപ്പം അഞ്ഞൂറോളം തൊഴിലാളികൾനേരിട്ടും രണ്ടായിരത്തോളം പേർ പരോക്ഷമായും പണിയെടുക്കുന്നു. കണ്ണാടിയുടെ ഫ്രെയിം, പെട്ടികൾ, കവറുകൾ തുടങ്ങിയവ നിർമിക്കുന്നവർ വേറെയും. ഭൗമസൂചികയിലൂടെ ഇവർക്ക് കണ്ണാടിക്കുള്ള പേറ്റന്റും ലഭിച്ചു. മണ്ണുകൊണ്ട് നിർമിക്കുന്ന മൂശയിലാണ് ആറന്മുള കണ്ണാടി വിവിധതരത്തിലും വലിപ്പത്തിലും രൂപപ്പെടുന്നത്. ഒരു മൂശയിൽ ഒരു വർഷക്കാലം എങ്കിലും കണ്ണാടി നിർമിക്കാൻ കഴിയുമായിരുന്നു. പ്രളയത്തിൽ നിർമാണ ശാലകൾ വരെ ഒലിച്ചുപോയിട്ടുണ്ട്. ആറന്മുള വള്ളസദ്യ, ജലമേള, വിദേശികൾ എത്തുന്ന അവധിക്കാലം എന്നീസമയങ്ങളിലാണ് കൂടുതൽ കച്ചവടം നടന്നിരുന്നത്. ഇത് മുന്നിൽക്കണ്ട് നിർമാണം നടത്തി വരവേയാണ് കൊവിഡിനെ തുടർന്ന് അടച്ചു പൂട്ടലുണ്ടായത്.

@ ഖാദി തളർന്നു, സദ്യകൾ മുടങ്ങി

നൂൽനൂൽപ്പ്, നെയ്ത്ത്, അനുബന്ധ പദ്ധതികൾ എന്നിവയിലൂടെ നടന്നിരുന്ന ഗ്രാമീണ ഖാദി പ്രസ്ഥാനവും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. അടച്ചു പൂട്ടൽ നീണ്ടതോടെ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് ഈ രംഗത്തെ നടത്തിപ്പുകാരും തൊഴിലാളികളും. ആറന്മുള വള്ളസദ്യ കരാറുകാരുടെയും തൊഴിലാളികളുടെയും അവസ്ഥ യും പരിതാപകരമാണ്. പാർത്ഥസാരഥി ക്ഷേത്രം അടച്ചതോടെ ഇവിടെ ദിവസവും നടക്കുന്ന സദ്യകൾ എല്ലാം മുടങ്ങി. വള്ളസദ്യകൾ, വിവാഹ സദ്യകൾ,അന്നദാനം തുടങ്ങിയവ നടക്കുന്നില്ല. ലോക്ക് ഡൗണിൽ വിവാഹങ്ങൾ മാറ്റി വയ്ക്കുക കൂടിയായതോടെ തകർച്ച പൂർണമായി. ഇവയൊന്നും സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്നതുമല്ല. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മാറിയാലും ആറന്മുള പഴയ പടിയാകാൻ എത്രനാൾ വേണ്ടിവരുമെന്ന ആശങ്കയാണ് നാട്ടുകാരും പങ്കുവെക്കുന്നത്.

.........................................

'' കണ്ണാടി നിർമാണം വലിയ പ്രതിസന്ധിയിലാണ്. പ്രളയത്തെ തുർന്ന് ബാങ്ക് ലോണെടുത്താണ് പലരും പിടിച്ചു കയറിയത്. കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ സർക്കാർ ധനസഹായം ഇൗ പരമ്പരാഗത തൊഴിൽ മേഖലയ്ക്കും ലഭിക്കണം.

കണ്ണാടി നിർമാതാക്കൾ