പത്തനംതിട്ട: ഇടുക്കി ഡാമിനെ സംരക്ഷിക്കാൻ 150 കിലോമീറ്റർ അകലെ കോന്നി കല്ലേലി ഉൗരാളി അപ്പൂപ്പൻ കാവിൽ ദിവസവും പൂജ നടക്കുന്നെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സംഗതി സത്യമാണ്. അപ്പൂപ്പൻ കാവിലെ കുറവൻ കുറത്തി പ്രതിഷ്ഠയ്ക്കുമുന്നിൽ കുറവർ സമുദായക്കാരാണ് പതിറ്റാണ്ടുകളായി പൂജ നടത്തുന്നത്. കള്ളും കരിക്കും പഴങ്ങളും സമർപ്പിച്ച് ഇന്നലെയും പ്രാർത്ഥിച്ചു -'മഴക്കാലമാണ് വരുന്നത്, ഇടുക്കി ഡാമിനെ കാത്തോളണേ... '
ഇടുക്കി ഡാമിനെയും കല്ലേലിയെയും ബന്ധിപ്പിക്കുന്ന ഏട് തേടിയിറങ്ങിയാൽ ചെന്നെത്തുക ഡാമിന്റെ ചരിത്രത്തിലേക്കാണ്. ബ്രിട്ടീഷ് ഭരണകാലത്തെ കൊണ്ടൂർ റബർ പ്ളാന്റേഷൻ ഉൾപ്പെട്ട പ്രദേശമായിരുന്നു കല്ലേലി. വൈദ്യുതോത്പാദനത്തിനായി ഇടുക്കിയിൽ ഡാം നിർമ്മിക്കാൻ പലപദ്ധതികളും തയ്യാറാക്കിവരുന്ന കാലം. 1932ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായ ഡബ്ളിയു.ജെ.ജോൺ വനത്തിൽ നായാട്ടിനെത്തിയപ്പോൾ കൊലുമ്പൻ എന്ന ആദിവാസിയാണ് കുറവൻ - കുറത്തി മലയിടുക്ക് കാട്ടിക്കൊടുത്തത്.
ഇരുമലകളെയും ബന്ധിപ്പിച്ച് ഡാം നിർമ്മിക്കാമെന്ന റിപ്പോർട്ട് എൻജിനിയറായ സഹോദരന്റെ സഹായത്തോടെ ജോൺ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു. പക്ഷേ, ബ്രിട്ടീഷുകാർക്ക് പണി തുടങ്ങാനായില്ല.
സ്വാതന്ത്ര്യാനന്തരം കേരള രൂപീകരണവും കഴിഞ്ഞ് 1963ൽ അംഗീകാരം ലഭിച്ചതോടെയാണ് വൈദ്യുതി ബോർഡ് പണി തുടങ്ങിയത്. 15,000 തൊഴിലാളികൾ ഉണ്ടായിരുന്നു. കല്ലേലിയിൽ നിന്നുള്ള തൊഴിലാളികൾ ഉൗരാളി അപ്പൂപ്പൻ കാവിലെത്തി തൊഴുത് വിളക്കുതെളിച്ചാണ് അന്ന് പുറപ്പെട്ടത്. മടങ്ങിയെത്തി പ്രതിഷ്ഠയായി സങ്കല്പിച്ച് രണ്ടു കല്ലുകൾ സ്ഥാപിച്ചു. അന്നുമുതൽ ഡാമിന്റെ സുരക്ഷയ്ക്ക് മുടങ്ങാതെ പൂജയുണ്ട്. മാസത്തിലൊരിക്കൽ പ്രത്യേക പ്രാർത്ഥനയും.
ജയലളിത മുഖ്യമന്ത്രിയായിരിക്കുമ്പോൾ, തമിഴ്നാട്ടിൽ ജലലഭ്യതയ്ക്ക് മുടക്കം വരാതിരിക്കാൻ കാവിൽ വഴിപാട് നടത്തുമായിരുന്നു.