തിരുവല്ല: കാലവർഷം തുടങ്ങുംമുമ്പേ കെ.എസ്.ഇ.ബി മണിപ്പുഴ ഇലക്ട്രിക് സബ് ഡിവിഷനിൽ വൈദ്യുതി മുടക്കം പതിവായി. വേനൽമഴയിൽ ഉണ്ടാകുന്ന വൈദ്യുതി തടസങ്ങൾ പരിഹരിക്കാൻ ജീവനക്കാർക്ക് 24 മണിക്കൂറും തികയാത്ത സ്ഥിതിയാണ്.വൈദ്യുതി മുടക്കം സംബന്ധിച്ച പരാതി പറയാൻ ഓഫീസിലേക്ക് വിളിച്ചാൽ മറുതലയ്ക്കൽ ഫോണെടുക്കാനും ആളില്ല.മാത്യു ടി.തോമസ് മന്ത്രിയായിരുന്ന കാലത്ത് പരാതികൾ ശക്തമായതോടെ മണിപ്പുഴ ഓഫീസിലെത്തി അധികൃതർക്ക് താക്കീത് നൽകിയിരുന്നു.പിന്നീട് കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന ഓഫീസിന്റെ പ്രവർത്തനം വീണ്ടും അവതാളത്തിലായി.ഞായറാഴ്ച വൈകിട്ട് മഴയ്‌ക്കൊപ്പംമുടങ്ങിയ വൈദ്യുത വിതരണം തിങ്കളാഴ്ച ഉച്ചയ്ക്കുശേഷവും പുനഃസ്ഥാപിച്ചിട്ടില്ല.വേനൽമഴ കനത്തതോടെ രണ്ടാഴ്ചക്കാലമായി ഇത്തരം വൈദ്യുത മുടക്കങ്ങൾപതിവായിട്ടുമുണ്ട്.കടുത്ത വേനലനിടെ ടച്ചിംഗ് വെട്ടിനെന്ന പേരിൽ രണ്ടാഴ്ചക്കാലം പകൽസമയങ്ങളിൽ വൈദ്യുതി മുടക്കിയിരുന്നു.ഇതുകൂടാതെ അപ്രഖ്യാപിത വൈദ്യുത മുടക്കങ്ങളും പതിവായതോടെ ഉപഭോക്താക്കൾ വലയുകയാണ്.മണിപ്പുഴ സെക്ഷനിലെ വൈദ്യുതി മുടക്കത്തെക്കുറിച്ച് പൊതുജനങ്ങൾ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.
കരാറുകാർ ഇല്ലാതെ പണിയില്ല
മഴയത്ത് മരംവീണോ മറ്റു വൈദ്യുതി തടസങ്ങളോ ഉണ്ടായാൽ അറ്റകുറ്റപ്പണികൾ നടത്താൻ കരാറുകാരില്ലാതെ പണി നടക്കില്ല.എട്ട് ലൈൻമാന്മാരും ആറ് താൽക്കാലിക ജീവനക്കാരുമാണ് മണിപ്പുഴ സെക്ഷൻ ഓഫീസിന് കീഴിൽ അറ്റകുറ്റപ്പണികൾക്കായി ഉള്ളത്.മരം വെട്ടിമാറ്റുന്നതടമുള്ള അറ്റകുറ്റപ്പണികൾ താൽക്കാലിക ജീവനക്കാരെക്കൊണ്ട് മാത്രം ചെയ്യിക്കുന്ന അധികൃതരുടെ നടപടിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിലെ കാലതാമസത്തിന് ഇടയാക്കുന്നു.പെരിങ്ങര,നെടുമ്പ്രം നഗരസഭയുടെ കുറെ പ്രദേശങ്ങൾ ഉൾപ്പെടെയാണ് മണിപ്പുഴ സെക്ഷന്റെ പരിധിയിൽ.വേനൽമഴ കനത്തതോടെ സന്ധ്യ മയങ്ങുന്നത് മുതൽ പ്രദേശം ഏതാണ്ട് പൂർണമായും ഇരുട്ടിലാണ്.വൈദ്യുത മുടക്കം പതിവാകുന്ന സാഹചര്യങ്ങളിലെല്ലാം തന്നെ മരം വീണാണ് വൈദ്യുതി മുടങ്ങുന്നതെന്ന മറുപടിയാണ് അധികൃതർ നൽകുന്നത്.എന്നാൽ ഇങ്ങനെയുള്ള അവസരങ്ങളിൽ വൈദ്യുത വിതരണം പുനസ്ഥാപിക്കുന്നതിനായി അഗ്‌നിശമന സേന അടക്കമുള്ളവരുടെ സേവനം ലഭ്യമാക്കാൻ കെ.എസ്.ഇ.ബി അധികൃതർ തയാറാകാത്തതും വൈദ്യുതബന്ധം പുനസ്ഥാപിക്കാണ് വൈകാൻ കാര്യമാകുന്നു.
കൊവിഡ് കാലത്ത് ജീവനക്കാർക്ക് വിദൂരങ്ങളിൽ നിന്നും എത്തിചേരാനുള്ള ബുദ്ധിമുട്ടുണ്ട്.വലിയ ജോലികൾ കരാറുകരാണ് ചെയ്യുന്നത്.ഒരേസമയം കൂടുതൽപേർ വിളിക്കുന്നതിനാലാണ് ഫോണിൽ ലഭ്യമാകാത്തത്.ജീവനക്കാർ കൂട്ടത്തോടെ പരിശ്രമിച്ചാണ് പരിഹാരം ഉണ്ടാക്കുന്നത്.
വി.കെ മധു,
(എക്‌സി.എൻജിനീയർ
തിരുവല്ല ഡിവിഷൻ)
വിളിച്ചാൽ ഫോണെടുക്കില്ല
പരാതി പറഞ്ഞ് മടുത്തെന്ന് പ്രദേശവാസികൾ
8 ലൈൻമാർ, 6 കരാർ ജീവനക്കാർ