പത്തനംതിട്ട : കടുവയുടെ അക്രമണത്തിൽ കൊല്ലപ്പെട്ട ബിനീഷ് മാത്യുവിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നതിനൊപ്പം ഭാര്യയ്ക്ക് ജോലിയും നൽകണമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ വനം വന്യജീവി വകുപ്പ് മന്ത്രി കെ.രാജുവിനോട് അഭ്യർത്ഥിച്ചു.
ലോക്ക്ഡൗൺ കാലത്ത് വളരെ ബുദ്ധിമുട്ടിയാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. ബിനീഷ് മാത്യുവിനും ഗർഭിണി കൂടിയായ ഭാര്യയ്ക്കും റേഷൻ കാർഡ് ഇല്ലാത്തതിനാൽ സൗജന്യ റേഷൻ ലഭിച്ചിരുന്നില്ല. ലോക്ക് ഡൗൺ കാലത്ത് വീട്ടിലെത്തിയ ആരോഗ്യ പ്രവർത്തക പട്ടിണിയിലായ കുടുംബത്തെയാണ് കണ്ടത്. ഒരു ദിവസം മുൻപ് പാചകം ചെയ്ത കഴിക്കാൻ യോഗ്യമല്ലാത്ത ചക്ക മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തുടർന്ന് ആരോഗ്യ പ്രവർത്തകർ എത്തിച്ചു നൽകിയ അരിയും, മറ്റു സാധനങ്ങളും ഉപയോഗിച്ചാണ് ഈ കുടുംബം കഴിഞ്ഞത്.
ജോലിക്കാരനെ വച്ച് ടാപ്പിംഗ് നടത്താൻ പണമില്ലാതിരുന്നതിനാലാണ് ബിനീഷ് സ്വന്തമായി ടാപ്പിംഗിന് പോയത്. ബിനീഷിനെ കടുവ അക്രമിച്ച് കൊലപ്പെടുത്തിയതോടു കൂടി കുടുംബത്തിന് ജീവിക്കാൻ നിർവാഹമില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ ഭാര്യയ്ക്ക് ജോലി നൽകണമെന്ന് എം.എൽ.എ മന്ത്രിയോട് അഭ്യർത്ഥിച്ചു.
പ്ലന്റേഷൻ കോർപ്പറേഷൻ ജോലി നൽകാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.