കടമ്പനാട് : വ്യക്തിഗത ആനുകൂല്യവിതരണം സ്തംഭിച്ചു.പദ്ധതിപ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിയാതെ പഞ്ചായത്തുകൾ.ഏറെ പ്രതീക്ഷയോടെയാണ് ത്രിതലപഞ്ചായത്ത് ഭരണസമിതികൾ 2020-21 വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾ വിഭാവനം ചെയ്തത്.പക്ഷേ അപ്രതീക്ഷിതമായി കടന്ന് വന്ന കൊവിഡ്19 എല്ലാം തകർത്തെറിയുന്ന കാഴ്ചയാണ് കാണുന്നത്.2020 ഒക്ടോബർ മാസത്തിൽ നടക്കാനിരിക്കുന്ന ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് പദ്ധതികൾ അവതരിപ്പിക്കപെട്ടത്.എന്തുവിധേനയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് പദ്ധതികൾ നടപ്പിലാക്കാനുള്ള തത്രപാടിലിരിക്കുമ്പോഴാണ് എല്ലാം തകിടം മറിഞ്ഞത്. പലപഞ്ചായത്തുകളിലും ബഡ്ജറ്റ് പോലും അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.അവതരിപ്പിച്ചവർക്കാകട്ടെ ഒന്നും ചെയ്യാനും കഴിഞ്ഞില്ല.രണ്ടരമാസമായി വ്യക്തിഗത ആനുകൂല്യമുൾപ്പെടെ നൽകുന്നതിൽ തടസം നേരിട്ടിരിക്കുന്നു.2019-20 വർഷത്തെ പദ്ധതികൾ സ്പിൽ ഓവറിലാക്കി അംഗീകാരം വാങ്ങിയെടുക്കാനും അംഗീകാരം നേടിയതുമുണ്ട്. ഒന്നും നടന്നില്ല. മുൻ വർക്കുകളുടെ ബില്ല് മാറികിട്ടാത്തതുകാരണം പുതിയ വർക്കുകൾ കോൺട്രാക്ടർമാർ തുടങ്ങുന്നുമില്ല.അപ്രതീക്ഷിതമായി സിമന്റ് കമ്പി,ക്വാറി ഉദ്പന്നങ്ങൾക്കും ഉണ്ടായ വില വർദ്ധന,കോൺട്രാക്ടർമാർക്ക് മറ്റൊരു തിരിച്ചടിയായതും വർക്കുകൾ തുടങ്ങാതിരിക്കാൻ കാരണമായി.ത്രിതലപഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ തിരിച്ചടിയായിരിക്കുന്നത് പശ്ചാത്തല മേഖലക്കാണ്.

നടപ്പിലാകാതെ പോകുന്ന പദ്ധതികൾ ഏറെ

പുതിയ റോഡിന്റെനിർമാണം,പുനരുദ്ധാരണം,ടാറിംഗ് ,റീ ടാറിംഗ്,അംഗൻവാടികളുടെ നിർമാണം,തുടങ്ങി നിരവധി പദ്ധതികളാണ് ഏറെയും നടപ്പിലാകാതെ പോകുന്നത്.വ്യക്തിഗത പദ്ധതികളിൽ ലൈഫ് ഭവനപദ്ധതിയുടെ മൂന്നാഘട്ടത്തിന്റെ അനുവദിക്കലും വിതരണവുമാണ് ജനപ്രതിനിധികൾ ഏറെ പ്രതീക്ഷയോടെ കണ്ടത്.വീട് മെയിന്റൻസ് , പഠനോപകരണവിതരണം,തുടങ്ങി നിരവധി പദ്ധതികളും റോഡുകൊണ്ടുവന്നും അംഗനവാടി പണിതും ജനങ്ങളുടെ കൈയടിവാങ്ങി അവസാന നിമിഷം കളത്തിലിറങ്ങി തിരഞ്ഞെടുപ്പിലേക്കെത്താമെന്ന് മോഹിച്ചവർക്കും അടിതെറ്റി.

മറ്റ് പദ്ധതികൾക്ക് അനുമതിയില്ല

2020—21 ൽ കൃഷിയുമായി ബന്ധപെട്ട പ്രവർത്തനങ്ങൾ മാത്രം നടപ്പാക്കാനാണ് ഇപ്പോൾ സർക്കാർ നിർദ്ദേശം. അത് ഗ്രാമസഭചേരാതെ മുൻ ലിസ്റ്റിൽ നിന്നുള്ളവരെയും പുതിയതായിട്ടുള്ളവരെ കൂട്ടിച്ചേർത്തും നടപ്പിലാക്കാനാണ് നിർദ്ദേശം വന്നത്.ഈ നിർദ്ദേശത്തോടുകൂടിയാണ് മറ്റ് പദ്ധതികൾ തൽക്കാലം ഉത്തരവുകളൊന്നുമില്ലങ്കിലും നടപ്പിലാക്കാൻ കഴിയാതെ പോകുന്നു എന്ന തിരിച്ചറിവിൽ ജനപ്രതിനിധികൾ എത്തുന്നത്.