മാത്യു ടി തോമസിന്റെ ഫേസ് ബുക്ക് പോസ്റ്റ്
തിരുവല്ല: കൊവിഡ് 19 ലോകത്താകെ ഭീതിപരത്തുമ്പോൾ സൂക്ഷ്മതയോടെ ഇവിടെ വരെ നമ്മൾ എത്തിയത് ഫൈനലിൽ തോറ്റു കൊടുക്കാനല്ലെന്ന് മാത്യു ടി.തോമസ് എം.എൽ.എ ഫേസ് ബുക്കിൽ കുറിച്ചു. പ്രശംസനീയമായ ജാഗ്രതയാണ് പോയ ദിനങ്ങളിൽ നമ്മുടെ നാട് കാട്ടിയത്. പിണറായി വിജയനെന്ന കരുത്തനായ ക്യാപ്റ്റന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരും പൊലീസും റവന്യു അധികാരികളും ജനപ്രതിനിധികളും ഒക്കെചേർന്ന മികവുറ്റ ടീം പൊരുതി നേടിയ വിജയം ലോകരെയാകെ അത്ഭുതപ്പെടുത്തി. മാർച്ച് മാസത്തിൽ ഏറെ ഭീതിയോടെ മാത്രം വീക്ഷിക്കപ്പെട്ടിരുന്ന പത്തനംതിട്ട ജില്ലയിൽ ഇന്ന് ഒരു കോവിഡ് രോഗി പോലുമില്ല. നല്ല നേട്ടം. നല്ല ജാഗ്രത പുലർത്തിയ തിരുവല്ല മണ്ഡലത്തിൽ ഇതേവരെ ഒരു പോസിറ്റിവ് കേസുണ്ടായില്ല. ("ഇതേവരെ" എന്ന് അടിവരയിട്ടു സൂചിപ്പിക്കുന്നു). ഈ നേട്ടങ്ങൾ അന്തിമഘട്ടത്തിൽ കളഞ്ഞു തുലക്കാവുന്നതാണോ? ഫൈനലിൽ ജയിക്കാനല്ലേ നാം സെമിവരെ നല്ല പ്രകടനം കാഴ്ചവച്ചത്?, നിഷ്കർഷിക്കുന്ന നിയന്ത്രണങ്ങളോട് നാം സഹകരിച്ചേ പറ്റൂ. സംഘം ചേർന്ന് ജാഗ്രത നിർദ്ദേശങ്ങൾ ലംഘിക്കുന്നത് ഒട്ടും നല്ലതല്ല. അപ്രിയങ്ങളായി തോന്നാമെങ്കിലും കാര്യങ്ങൾ കൈവിട്ടു പോവാതിരിക്കാൻ അവ അനിവാര്യങ്ങളാണ്. വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ അച്ചടക്കത്തോടെ വെളിപ്പെടുത്തൽ നടത്തി നിഷ്കർഷിക്കപ്പെടുന്ന ക്വാറന്റൈന് സന്നദ്ധരാവണം. പൊതുസമൂഹത്തിന് വേണ്ടി. ജനപ്രതിനിധികളും നാട്ടുകാരും ഇക്കാര്യത്തിൽ കാർക്കശ്യം തുടരണം. ജാഗ്രത വെടിയരുത്. തിരുവല്ല മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധിപന്മാരും ഉദ്യോഗസ്ഥ സ്നേഹിതരും നാളെ ഒത്തുകൂടുന്നുണ്ട്. പുതിയ സാഹചര്യങ്ങളിൽ കരുതൽ നടപടികൾ പാളരുത് എന്നതാണ് ഉത്തരവാദിത്വം. ബി.പി.എൽ വിഭാഗത്തിലെ രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണം നല്ല വിജയമായി. നിരവധി സ്‌പോൺസർമാർ സ്വമേധയാ സഹായിക്കുവാനുണ്ടായി. മെയ് 17 നോട് കൂടി ഈ ക്രമീകരണം സമാപിപ്പിക്കാമെന്നു കരുതുന്നു. വളർച്ച മുരടിപ്പ് നേരിടുന്ന നമ്മുടെ മൂന്നു കുട്ടികൾക്ക് ഗ്രോത്ത് ഹോർമോൺ തിരുവനന്തപുരത്തു നിന്ന് നാളെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ വിശദമായ വിവരങ്ങൾ മനസ്സിലാക്കിയ വിതരണക്കാരൻ വിലപിടിപ്പുള്ള ഈ മരുന്നുകൾക്ക് നല്ല ഡിസ്‌കൗണ്ടും നൽകി. തുടർ ജാഗ്രതയിൽ പിഴവുണ്ടാകാതെ നാടിനെ നമ്മുക്ക് കാക്കണം.
മാത്യു ടി.തോമസ്