കോന്നി : തണ്ണിത്തോടിനെ ഭീതിയിലാക്കുന്ന കടുവയെ കുടുക്കാൻ കുങ്കി പരിശീലനം ലഭിച്ച കുട്ടിക്കൊമ്പൻ കോന്നി സുരേന്ദ്രനും എത്തിയേക്കും. ഇതിനായുള്ള നടപടി ക്രമങ്ങൾ വനം വകുപ്പ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ മുത്തങ്ങയിലെ കുങ്കിയാന കുഞ്ചുവിനെയാണ് നിയോഗിച്ചിരിക്കുന്നത്. എന്നാൽ അക്രമകാരിയായ കടുവയെ കുടുക്കാൻ ഒന്നിൽ കൂടുതൽ കുങ്കി ആനകളുടെ സേവനം ആവശ്യമായി വരുമെന്നതിനാലാണ് സുരേന്ദ്രന്റെ പേരും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. കടുവയെ ജീവനോടെ പിടിച്ച് കാഴ്ച ബംഗ്ലാവിൽ എത്തിക്കുകയാണ് വനം വകുപ്പിന്റെ ലക്ഷ്യം . ഇതിനായി കെണിയും സ്ഥാപിച്ചിട്ടുണ്ട്.

എന്നാൽ കടുവകൾ കെണിയിൽ വീഴുന്നത് അപൂർവ്വമായതിനാലാണ് കുങ്കി ആനകളെ ഉപയോഗിച്ച് വനത്തിലേക്ക് കയറാൻ വനം വകുപ്പ് തീരുമാനിച്ചത്. പ്രത്യേക പരിശീലനം ലഭിച്ച കുങ്കി ആനകളുടെ പുറത്ത് കയറിയാണ് വനം വകുപ്പിന്റെ വിദഗ്ദ്ധ ഡോക്ടർമാർ കടുവയെ മയക്കുവെടി വയ്ക്കുന്നത്.

ഒന്നാം റാങ്കുകാരൻ സുരേന്ദ്രൻ

തമിഴ്‌നാട്ടിലെ മുതുമലയിൽ രണ്ടുമാസം നീണ്ടുനിന്ന തീവ്രപരിശീലനത്തിൽ ഒന്നാം റാങ്കോടെയാണ് കോന്നി സുരേന്ദ്രൻ കേരളത്തിലേക്ക് മടങ്ങിയത്. കേരളത്തിൽ നിന്നും പുറത്തുനിന്നും നിരവധി ആനകൾ പരിശീലനത്തിൽ പങ്കെടുത്തിരുന്നു. വിജയകരമായി പരിശീലനം പൂർത്തീകരിച്ച സുരേന്ദ്രനെ മുത്തങ്ങയിലെ ആന വളർത്തൽ സങ്കേതത്തിലേക്കാണ് വനംവകുപ്പ് തിരികെ എത്തിച്ചത്. കാട്ടാന ശല്യം രൂക്ഷമായ വയനാട്, പാലക്കാട് ജില്ലകളാണ് ഇപ്പോൾ കോന്നി സുരേന്ദ്രന്റെ കർമ്മ മണ്ഡലം.

കോന്നിയിലെ നാലാമത്തെ താപ്പാന
1999ൽ ശബരിമല അയ്യപ്പന്റെ പൂങ്കാവനത്തിൽ ചെരിഞ്ഞ അമ്മയുടെ അടുത്ത് മുലകുടിച്ചുകിടന്ന ഒരു വയസുകാരൻ കുട്ടിക്കൊമ്പൻ സുരേന്ദ്രനായാണ് കോന്നിയിൽ എത്തിയത്. കഴിഞ്ഞ 19 വർഷം കൊണ്ട് അവൻ വളർന്നുകയറിയത് ഏവർക്കും അത്ഭുതം ഉണ്ടാക്കുന്ന രീതിയിലും. വർഷങ്ങൾക്ക് മുമ്പ് ആനക്കൂട്ടിലെ കൊമ്പൻമാരായ രഞ്ജിയും മണിയനും സോമനും കോട്ടൂരിൽ പരിശീലനം പൂർത്തിയാക്കിയ താപ്പാനയായിരുന്നു.