തണ്ണിത്തോട്: പ്ലാന്റെഷൻ കോർപ്പറേഷന്റെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാൻ വയനാട്ടിൽ നിന്ന് ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 13 അംഗ ദൗത്യസംഘം ഇന്നലെ പുലർച്ചെ മേടപ്പാറയിലെത്തി. ബിനീഷ് മാത്യുവിനെ കടുവ കൊലപ്പെടുത്തിയ എസ്റ്റേറ്റിലെ സി ഡിവിഷനിലെ പുള്ളിപ്പാറയിലും സമീപ പ്രദേശങ്ങളിലും പ്രാഥമിക പരിശോധനകൾ നടത്തി. ഇവിടെ കടുവയുടെ സാന്നിദ്ധ്യം ഉറപ്പിച്ചു. നീരീക്ഷണ കാമറകളിലെയും ഡ്രോണിലെയും ദൃശ്യങ്ങൾ പരിശോധിച്ച് മയക്കുവെടിവയ്ക്കാൻ സഞ്ചരിക്കുന്നതിന് വയനാട്ടിലെ മുത്തങ്ങ ക്യാമ്പിൽ നിന്ന് പരിശീലനം ലഭിച്ച കുങ്കിയാന കുഞ്ചുവിനെയും എത്തിച്ചിട്ടുണ്ട്. ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന ചെറിയ കെണിക്കൂടുകൾ മാറ്റി പകരം വലിയ രണ്ട് കൂടുകൾ സ്ഥാപിക്കും. കൂടുകളിൽ നിന്ന് ഇരയായ ആടുകളെ മാറ്റി പകരം പോത്തിനെ കെട്ടും. കടുവയ്ക്ക് 6 മുതൽ 8 വയസുവരെ പ്രായം പ്രതീക്ഷിക്കുന്നുണ്ട്. കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട് പോയതാവാനാണ് സാദ്ധ്യത. രണ്ട് വർഷം മുൻപ് കൊക്കാത്തോട്ടിൽ ഒരാളെ കൊലപ്പെടുത്തിയ കടുവയാകാൻ സാദ്ധ്യതയില്ലായെന്നാണ് പ്രാഥമിക സൂചന.

പ്രദേശത്ത് 24 മണിക്കൂറും നിരീക്ഷണമുണ്ടാവും പകൽ സമയത്ത് പിടികൂടാനാണ് ശ്രമം. രാത്രിയിൽ സ്‌ക്വാഡിന്റെ പ്രത്യേക നിരീക്ഷണമുണ്ടാവും. അസിസ്റ്റന്റ് വെറ്റിനറി സർജൻമാരായ ഡോ. ശ്യാം , ഡോ: കിഷോർ, ബയോളജിസ്റ്റുകളായ വിഷ്ണു, ജിഷ്ണു, എലിഫന്റ് സ്‌ക്വാഡ് റെയിഞ്ച് ഒാഫിസർ ആഷിഫ്, രണ്ട് ആനപാപ്പാൻമാർ എന്നിവരുൾപ്പെട്ട ദൗത്യസംഘമാണ് ക്യാമ്പ് ചെയ്യുന്നത്. കൂടാതെ വനപാലകരും പൊലീസും വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പ്പോൺസ് ടീമിന്റെ റാന്നി, തേക്കടി യൂണിറ്റഗംങ്ങളും പ്രദേശത്തുണ്ട്.

കെണിക്കൂട്ടിൽ കടുവ വീണില്ലങ്കിൽ മാത്രമേ കുങ്കിയാനയുടെ പുറത്ത് കയറി കടുവയുടെ സമീപത്ത് ചെന്ന് മയക്ക് വെടിവയ്ക്കു.

ഡോ: അരുൺ സക്കറിയ (ഫോറസ്റ്റ് വെറ്റിനറി സർജൻ)

24 മണിക്കൂറും നിരീക്ഷണം

13 അംഗ ദൗത്യസംഘം

വലിയ കൂടുകൾ സ്ഥാപിക്കും