തണ്ണിത്തോട്: വീടിനു സമീപം കടുവയെ കണ്ടതിന്റെ ഭയപ്പാടിലാണ് അഞ്ചുകുഴി തെക്കേകൊല്ലനേത്ത് സതീഷും കുടുബവും. ശനിയാഴ്ച രാത്രി 10ന് വീടിന്റെ പിന്നിൽ പട്ടി കുരയ്ക്കുന്നത് കേട്ട് മുറ്റത്തിറങ്ങി സതീഷും ഭാര്യ സൗമ്യയും ടോർച്ച് തെളിച്ച് നോക്കുമ്പോഴാണ് പറമ്പിൽ കടുവ നിൽക്കുന്നത് കാണുന്നത്. ഉടനെ തന്നെ വീട്ടിൽ കയറി കതകടച്ചു അയൽവാസികളെയും ഫോറസ്റ്റുകാരെയും വിവരം ധരിപ്പിച്ചു. വനമേഖലയൊടു ചേർന്നാണ് സതീഷിന്റെ വീടും പുരയിടവും. വാർഡുമെമ്പർ എം.എസ്. ഇന്ദിര കൺട്രോൾ റൂമിലും വിവരമറിയിച്ചു. സംഭവമറിഞ്ഞ് മേടപ്പാറയിൽ ക്യാമ്പ് ചെയ്തിരുന്ന വനപാലക സംഘം തോക്കും സെർച്ച് ലൈറ്റുമായി സ്ഥലത്തെത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല.