പത്തനംതിട്ട: കർണാടകത്തിലെ കൽബുർഗിയിൽ നിന്ന് പുറപ്പെട്ട 24 മലയാളികൾ അടങ്ങിയ സംഘം ബന്ദിപ്പൂർ വനമേഖലയിൽ കുടുങ്ങിയത് 18 മണിക്കൂർ. വീണാ ജോർജ് എം.എൽ.എ വിവരം അറിയിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സംഘത്തെ കേരളത്തിലെത്തിച്ചു. പത്തനംതിട്ട ഉൾപ്പെടെ വിവിധ ജില്ലകളിൽ നിന്നുള്ളവർ ബസിലുണ്ടായിരുന്നു.
വെള്ളിയാഴ്ച രാത്രി ഒൻപതിനാണ് കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിൽ കേരളത്തിലേക്ക് പുറപ്പെട്ടത്. പത്തനംതിട്ട സ്വദേശികളായ ദമ്പതികൾകളുടെ മൂന്നു വയസുള്ള കുട്ടിയടക്കം, മെഡിക്കൽ വിദ്യാർത്ഥികളും അദ്ധ്യാപകരും സംഘത്തിലുണ്ടായിരുന്നു. ബസിലുണ്ടായിരുന്ന നാലു പേർക്ക് മാത്രമാണ് പാസ് ഉണ്ടായിരുന്നത്. ശനിയാഴ്ച വൈകുന്നേരം ബന്ദിപ്പൂർ വനമേഖലയ്ക്ക് അടുത്ത് കർണാടക പൊലീസ് ബസ് തടഞ്ഞു. എല്ലാവർക്കും പാസില്ലാതെ ബസ് കടത്തി വിടില്ലെന്ന് അവർ പറഞ്ഞു. ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലമായിരുന്നു.
ഇടയ്ക്ക് റേഞ്ച് ഉണ്ടെന്ന് തെളിയുമ്പോൾ പലരെയും വിളിച്ച് സഹായം അഭ്യർത്ഥിച്ചു. പക്ഷേ ഫലമുണ്ടായില്ല.
ഞായറാഴ്ച രാവിലെ പത്തനംതിട്ട സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനിയുടെ വീട്ടുകാർ വീണാ ജോർജ് എം.എൽ.എയുമായി ഫോണിൽ ബന്ധപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന പത്തനംതിട്ട ജില്ലക്കാരിയായ അദ്ധ്യാപികയും എം.എൽ.എയെ ഫോണിൽ വിളിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ഉടൻ തന്നെ ബന്ധപ്പെട്ട എം.എൽ.എ, വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി. പ്രാഥമികാവശ്യങ്ങൾപോലും നിർവഹിക്കാൻ നിർവാഹമില്ലാതെ ബുദ്ധിമുട്ടിയ സ്ത്രീകളടങ്ങുന്ന സംഘത്തിന്റെയും, കുഞ്ഞിന്റെയും കാര്യം വീണാജോർജ് മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അരമണിക്കൂറിനുള്ളിൽ താൽക്കാലിക പാസ് അനുവദിക്കപ്പെട്ടു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിൽ തന്നെ സംഘം എറണാകുളത്തെത്തി. പത്തനംതിട്ട സ്വദേശികളായ ഏഴു പേരും, കണ്ണൂർ, കൊല്ലം തുടങ്ങി വിവിധ ജില്ലകളിൽനിന്ന് ഉള്ളവരും ബസിലുണ്ടായിരുന്നു.