പത്തനംതിട്ട: എല്ലാ കാലത്തും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ മുന്നിട്ടു നിന്ന കലാരൂപമാണ് നാടകം. ഈ കൊവിഡ് കാലത്തും നാടകത്തിനെ അങ്ങനെ മാറ്റി നിറുത്താൻ കഴിയില്ലെന്ന് കാട്ടിതരികയാണ് ഒരു കൂട്ടും ചെറുപ്പക്കാർ. ഇനി വീട്ടിലിരുന്നും നിങ്ങൾക്ക് നാടകം കാണാം. അവതരണത്തിലും ആശയങ്ങളിലും തുടങ്ങി ഇപ്പോഴിതാ വേദിയിലും പുതിയതലം കണ്ടെത്തുകയാണ് പന്തളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാസ് ഡ്രാമ കമ്പനി. ലോക്ക് ഡൗൺ കാലത്ത് തങ്ങളുടെ പുതിയ നാടകമായ കൊറോണാ കാലത്തെ പ്രണയം ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇവർ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. കൊവിഡ് ബോധവത്ക്കരണം ലക്ഷ്യമാക്കി അവതരിപ്പിക്കുന്ന ഏകപാത്ര നാടകം സംവിധാനം ചെയ്തിരിക്കുന്നത് മോഹൻ ചാലിനക്കരയാണ്. മഞ്ജുനാഥ് ചാലിനക്കര രചന നിർവഹിക്കുന്ന നാടകത്തിൽ അഭിനയിച്ചിരിക്കുന്നത് സുനിൽ സരിഗയാണ്. ഫെബിൻ തുമ്പമൺ പ്രകാശവും ബാബു എം.എ ശബ്ദവിന്യാസവും നിയന്ത്രിക്കുന്ന നാടകത്തിന് 30 മിനിറ്റ് ദൈർഘ്യമുണ്ട്. ഇന്ന് രാത്രി 8.30ന് മാസ് ഡ്രാമ കമ്പനിയുടെ ഫേസ്ബുക്ക് ലൈവിലൂടെയാണ് നാടകം ആസ്വാദകരിലേക്ക് എത്തുന്നത്.
ആസ്വാദനത്തിലുപരി കൊവിഡിനെതിരായ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. നാടകകലയെ പ്രോത്സാഹിപ്പിക്കുക, പുതിയ തലമുറയ്ക്ക് പരിശീലനം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തിച്ചു വരുന്ന യുവാക്കളുടെ കൂട്ടായ്മയാണ് മാസ് ഡ്രാമ കമ്പനി.