പത്തനംതിട്ട: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച്ച എത്തിയ മസ്‌ക്കറ്റ് - കൊച്ചി, കുവൈറ്റ് - കൊച്ചി, ദോഹ - കൊച്ചി വിമാന സർവീസുകളിലെ ജില്ലക്കാരായ 40 പ്രവാസികളെ നിരീക്ഷണത്തിലാക്കി. മാലിദ്വീപിൽ നിന്ന് ഇന്ത്യൻ നാവിക സേനയുടെ കപ്പൽ ഐ.എൻ.എസ് ജലാശ്വയിൽ ഇന്നലെ രാവിലെ പത്തനംതിട്ട ജില്ലക്കാരായ 23 പേരെ കൊച്ചിയിൽ എത്തിച്ചു.
മസ്‌ക്കറ്റ് - കൊച്ചി വിമാനത്തിൽ
എത്തിയത് 17 പ്രവാസികൾ.
ഇതിൽ പത്തു പേരെ കോഴഞ്ചേരിയിലെ പൊയ്യാനിൽ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി. ഈ ഫ്‌ളൈറ്റിൽ എത്തിയ രണ്ടു ഗർഭിണി അടക്കം എഴു പേർ വീടുകളിൽ നിരീക്ഷണത്തിലായി. വിമാനത്താവളത്തിൽ നിന്നും ഇവർ ടാക്സിയിൽ വീടുകളിലെത്തുകയായിരുന്നു.
കുവൈറ്റ് - കൊച്ചി വിമാനത്തിൽ
എത്തിയത് 19 പേർ. ഇതിൽ ഒരു ഗർഭിണി ഉൾപ്പെടെ 12 പേരെ കോഴഞ്ചേരിയിലുള്ള കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി. ഈ ഫ്‌ളൈറ്റിൽ ഉണ്ടായിരുന്ന ജില്ലയിലെ ഏഴു പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ഇതിൽ അഞ്ചു പേർ ഗർഭിണികളാണ്.
ദോഹ - കൊച്ചി വിമാനത്തിൽ
എത്തിയത് 4 പേർ. ഇതിൽ മൂന്നു പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ഈ വിമാനത്തിലെത്തിയ ഒരാളെ പത്തനംതിട്ട മണ്ണിൽ റിജൻസി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി.