കോന്നി: കൃഷി നശിപ്പിക്കുകയും ജനങ്ങളെ അക്രമിക്കുന്നവയുമായ കാട്ടുപന്നികളെ നിലവിലുള്ള ഉത്തരവിന്റെ പരിധിയിൽ നിന്ന് അടിയന്തരമായി വെടിവച്ചു കൊല്ലാൻ മന്ത്രി കെ.രാജു കോന്നി, റാന്നി ഡി.എഫ്.ഒ മാർക്ക് നിർദ്ദേശം നല്കി.കോന്നി, റാന്നി ഡി.എഫ്.ഒമാർ പന്നികളെ വെടിവച്ചു കൊല്ലാൻ ഇറക്കിയ ഉത്തരവ് ഇതുവരെ നടപ്പിലായില്ല എന്ന കാര്യം ഡി.എഫ്.ഒമാരുടെ സാന്നിദ്ധ്യത്തിൽ കോന്നി ഫോറസ്റ്റ് ഐ.ബി.യിൽ എത്തിയ മന്ത്രിയോട് കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചപ്പോഴാണ് മന്ത്രി നിർദ്ദേശം നല്കിയത്.
നിലവിലുള്ള ഉത്തരവിലെ പോരായ്മകൾ പരിഹരിച്ച് പരിഷ്‌കരിച്ച ഉത്തരവ് ഉടൻ ഇറങ്ങുമെന്നും മന്ത്രി എം.എൽ.എയെ അറിയിച്ചു. ഈ ഉത്തരവിറങ്ങുമ്പോൾ കൃഷിക്കാർക്ക് പന്നിയെ കൊല്ലാൻ അനുവാദം ലഭിക്കും.