തിരുവല്ല: വരുമാനം ഇല്ലാതായതോടെ റബ്ബർ വെട്ടിനീക്കിയ മണ്ണിൽ പൊന്നുവിളയിക്കുകയാണ് ഈ പ്രവാസി മലയാളി. നാലര പതിറ്റാണ്ടുകാലമായി വിദേശത്ത് ഓട്ടോമൊബൈൽ ബിസിനസ് ചെയ്ത കവിയൂർ മേക്കുന്നിൽ എം.കെ. രാജപ്പനാണ് ഇപ്പോൾ മുഴുവൻ സമയവും കൃഷിക്കാരനാകുന്നത്. സ്വന്തമായുള്ള രണ്ടേക്കർ സ്ഥലത്തെ റബ്ബർ മരങ്ങൾ രണ്ടുവർഷം മുമ്പേ വെട്ടിനീക്കി. അവിടെല്ലാം ഇപ്പോൾ ഏത്തവാഴയും മലമ്പൂവനും പാളയംകോടനും ഞാലിപൂവനുമെല്ലാം നിറഞ്ഞു നിൽക്കുകയാണ്. കുറെ സ്ഥലത്ത് കിഴങ്ങ് വർഗ്ഗങ്ങൾ കൃഷിചെയ്യാനും നീക്കിവച്ചു. ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി, മഞ്ഞൾ, ഇഞ്ചി എന്നിവയിലെല്ലാം നല്ല വിളവെടുത്തു. കുറെസ്ഥലം പാറയായിരുന്നു. അവിടെയും പാഴാക്കാൻ രാജപ്പൻ ഒരുക്കമായിരുന്നില്ല. പാറയ്ക്കിടയിലെ കുളത്തിലേക്ക് വെള്ളം ഒഴുകിയെത്തുന്നുണ്ട്. അവിടെ മത്സ്യകൃഷി പരീക്ഷിച്ചു. തിലോപ്പിയ, റെഡ് ബില്ലി, വാള എന്നിവയുടെ കുഞ്ഞുങ്ങളെ കുളത്തിൽ തുറന്നുവിട്ടു. അങ്ങനെ മത്സ്യകൃഷിയിലും വിജയം കൊയ്ത്തു. ഇതിനിടെയാണ് വീടിന്റെ ടെറസിൽ മഴമറ കൃഷി ചെയ്യാനും രാജപ്പൻ സമയം കണ്ടെത്തിയത്. കവിയൂർ കൃഷിഭവൻ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. പയറും പാവലും വെണ്ടയും കുക്കുമ്പറും തക്കാളിയുമെല്ലാം മഴമറയ്ക്കുള്ളിൽ വിളവെടുത്തു. വിഷരഹിത പച്ചക്കറിയും മത്സ്യവും മറ്റു വിളകളുമെല്ലാം വീട്ടിലെ ആവശ്യം കഴിഞ്ഞു വിൽപ്പന നടത്താനും ലഭിക്കുന്നുണ്ട്. ഭാര്യ മണിയും മക്കളായ സോണിയും ചിത്രയും ചിക്കുവും മരുമകൾ അനുപമയും ചെറുമകൾ ആവണിയും രാജപ്പന് പിന്തുണയേകുന്നു. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ കിണറ്റിലെ വെള്ളം കൃഷിക്ക് എത്തിക്കാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ടിലാണ് രാജപ്പൻ. ഇക്കാര്യത്തിൽ പഞ്ചായത്തും കൃഷിഭവനും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ 75 കാരൻ.