അടൂർ : മുഖ്യമന്ത്രി പ്രഖ്യാപിച്ച സമ്പൂർണ ലോക്ഡൗൺ നഗരത്തെ നിശ്ചലമാക്കി. മെഡിക്കൽ സ്റ്റോറുകൾക്കൊപ്പം നഗരത്തിലെ ഒരു വ്യാപാര സ്ഥാപനം മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. ഇവിടേക്ക് വാഹനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരും ഏറെയുണ്ടായിരുന്നതൊഴിച്ചാൽ മുൻദിവസങ്ങളിൽ നിന്നും വത്യസ്ഥമായി നഗരം പൂർണമായും വിജനമായിരുന്നു. സമ്പൂർണ ലോക്ഡൗൺ നിർദ്ദേശം ഉൾക്കൊണ്ട് പലരവും വീടുകളിൽ ഒതുങ്ങി. നഗരത്തിൽ ബിർല ഗ്രൂപ്പിന്റെ മോർ സൂപ്പർമാർക്കറ്റ് മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ വിവരം തിരക്കിയപ്പോൾ ഐ. ജി യുടെ ഉത്തരവിൻമേലാണ് തുറന്ന് പ്രവർത്തിക്കുന്നതെന്നാണ് വിവരം കിട്ടിയത്. ഇതോടെ മടങ്ങിയ പൊലീസുകാർ വിവരം ഡി.വൈ. എസ്.പി യുടെ ശ്രദ്ധയിൽപ്പെടുത്തി.ഇതിനെ തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ യു.ബിജു കടയിൽ എത്തി ചോദ്യം ചെയ്തപ്പോഴും അവശ്യ സർവീസുകൾക്ക് ലോക്ഡൗൺ ബാധകമല്ല എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തുറന്നതെന്ന മറുപടിയാണ് ബന്ധപ്പെട്ടവർ പറഞ്ഞത്.ഉത്തരവിലെ അവ്യക്തതകാരണം പൊലീസുകാർക്കും നടപടിയെടുക്കാൻ കഴിയാതെയായി.ഇത് അവശ്യ സർവീസായി പ്രവർത്തിക്കുന്ന ഒരു വിഭാഗം വ്യാപാരികളെ ചൊടിപ്പിക്കാൻ കാരണമായി.അങ്ങനെയെങ്കിൽ അടുത്ത ഞായറാഴ്ചകളിൽ തങ്ങളും തുറക്കുമെന്ന നിലപാടിലാണ് ഇവരും.മോർ വ്യാപാര കുത്തകകൾ നിയമം ലംഘിച്ചാലും നടപടിയെടുക്കാത്തത് പൊലീസിന്റെ ഇരട്ടത്താപ്പാണെന്ന് ഒരു വിഭാഗം വ്യാപാരികൾ ആരോപിച്ചു.എന്നാൽ ഉത്തരവിലെ അവ്യക്തമാറ്റാൻ പൊലീസിനുമായില്ല.സമ്പൂർണ ലോക്ഡൗണിനെ ലംഘിച്ച് ആശുപത്രിയുടെ പേരിൽ പുറത്തിറങ്ങിയവർ ഏറെയാണ്.ഇതിനിടയിൽ ആശുപത്രിയിൽ എത്തിയ കൂട്ടത്തിൽ മകളെകൂടി വീട്ടിൽ പോയി കാണാൻ ശ്രമിച്ച ഒരു കുടുംബത്തെ പൊലീസിന് മടക്കി അയയ്ക്കേണ്ടിവന്നു.ഇരുചക്രവാഹനങ്ങളുമായി ഇറങ്ങി കറങ്ങാൻ പുറപ്പെട്ടവരിൽ ചിലരും പൊലീസിന്റെ പിടിയിലായി.