പത്തനംതിട്ട: '' നഴ്സുമാർ മാലാഖമാർ തന്നെയാണ്. അവർ ചെയ്യുന്ന സേവനം അംഗീകരിക്കുന്നത് നിപ്പയും കൊവിഡും വന്നപ്പോഴാണ്. കൂടുതൽ കുട്ടികൾ നഴ്സിംഗ് പഠനം തിരഞ്ഞെടുത്ത് സമൂഹത്തെയും നാടിനെയും രോഗങ്ങളിൽ നിന്ന് രക്ഷിക്കാൻ രംഗത്തുവരണം''- നാൽപ്പത് വർഷത്തോളം കേരളത്തിലെയും യു.എ.ഇയിലെയും സർക്കാർ ആശുപത്രികളിൽ ജോലി ചെയ്ത കുമ്പഴ വടക്ക് തട്ടാമണ്ണിൽ രാജമ്മ സദാശിവൻ പറയുന്നു. നഴ്സസ് ദിനത്തിൽ എല്ലാ 'മാലാഖ'മാർക്കും നൻമകൾ നേരുകയാണ് ഇൗ 72കാരി.
ഗൾഫ് രാജ്യങ്ങളിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും വലിയ ബഹുമാനം കിട്ടുന്നുണ്ട്. യൂണിഫോമിൽ എവിടെ കയറിച്ചെന്നാലും ആളുകൾ ദൈവത്തേപ്പോലെ കാണുന്നു. കേരളത്തിൽ എന്റെ തുടക്കക്കാലത്ത് രോഗികളെ കുത്തിവച്ചും കുത്തിക്കെട്ടിയും 'നോവിച്ച് ' വിടുന്നവരായിരുന്നു ഞങ്ങൾ. ഇപ്പോൾ അതുമാറി. നഴ്സുമാരുടെ സേവനത്തിന്റെ മഹത്വം മലയാളികൾ കൂടുതൽ മനസിലാക്കിയിരിക്കുന്നു.
തൃശൂർ മെഡിക്കൽ കോളേജിലാണ് നഴ്സിംഗിന് പഠിച്ചത്. പി.എസ്.സി മുഖേന 22ാമത്തെ വയസിൽ ജോലി ലഭിച്ചു. നാദാപുരം സർക്കാർ ആശുപത്രിയിലായിരുന്നു തുടക്കം. അന്നത്തെ ആശുപത്രികളുടെ അവസ്ഥ ശോചനീയമായിരുന്നു. രണ്ട് മുറിയുളള ആശുപത്രിയിലേക്കാണ് പരിക്കേറ്റ് ചോര വാർന്നൊഴുകുന്നവരെയും ഗർഭിണികളെയും പനിക്കാരെയുമൊക്കെ എത്തിക്കുന്നത്. ചോർന്നൊലിച്ചും കാട് കയറിയുമായിരുന്നു കെട്ടിടം.
പതിനൊന്നു വർഷത്തിനിടെ ചേർത്തല താലൂക്ക് ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും ജോലി ചെയ്തു.
പിന്നീട് യു.എ.ഇ സർക്കാർ സർവീസിൽ നഴ്സായി നിയമനം ലഭിച്ചു. ഇവിടുത്തെ നഴ്സുമാർ യു.എ.ഇയിൽ ടെക്നിഷ്യൻമാർ എന്ന തസ്തികയിലാണ്. ഗൾഫ് രാജ്യങ്ങളിൽ ടെക്നിഷ്യൻമാർ പണ്ട് മുതലേ മാലാഖമാരാണ്.
39 വർഷം യു.എ.ഇ സർവീസിലുണ്ടായിരുന്നു. സീനിയർ ടെക്നിഷ്യനായാണ് 50-ാം വയസിൽ പിരിഞ്ഞത്.
ഇപ്പോൾ കുമ്പഴയിലെ വീട്ടിൽ വിശ്രമജീവിതം. മകൻ ഡോക്ടർ രാജേഷ് സദാശിവൻ കോന്നിയിൽ ദന്തൽ ക്ളിനിക്ക് നടത്തുന്നു. മരുമകൾ ഡോ. രേഷ്മയും ഒപ്പമുണ്ട്. മകൾ ബിന്ദു എയർ ഇന്ത്യ ചെന്നൈ എ.ജി.എം ഡോ.രാജീവിന്റെ ഭാര്യയാണ്.