പത്തനംതിട്ട : മണിയാറിൽ കടുവ പശുക്കുട്ടിയെ ആക്രമിക്കുന്നത് കണ്ട പൂതങ്കര വീട്ടിൽ പി.ജി. ദിനേശന്റെ വാക്കുകളിലൂടെ.

ദിനേശന്റെ സഹോദരൻ പി.ജി.രാജന്റെ വീട്ടിലെ നാല് പശുക്കളിൽ ഒരു പശുവിനെയാണ് കടുവ ആക്രമിച്ചത്. സഹോദരി വത്സലയും കുടുംബവും അടുത്ത വീട്ടിൽ താമസിക്കുന്നുണ്ട്.

ഞായർ രാത്രി 12.10

നായ കുരയ്ക്കുന്ന ശബ്ദം കേട്ടാണ് ഞങ്ങൾ ഉണർന്നത്. ആദ്യം കാര്യമാക്കിയില്ല. പിന്നെ ചേട്ടൻ രാജനും ചേട്ടത്തിയും വിളിച്ച് അവരുടെ പശുതൊഴുത്തിൽ ബഹളം കേൾക്കുന്നു നോക്കിയപ്പോ പുലിയെ പോലെ തോന്നിയെന്ന് പറഞ്ഞു.

പുറത്തിറങ്ങി ടോർച്ച് അടിച്ച് നോക്കിയപ്പോഴാണ് കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ടത്.

എല്ലാവരും കൂടി ബഹളം വച്ചപ്പോൾ അത് കാട്ടിലേക്ക് ഓടി പോയി. ഇതിനിടയിൽ പൊലീസിനേയും വനംവകുപ്പിനേയും വിവരം അറിയിച്ചു. അവർ എത്തിയതിന് ശേഷം അവിടെ മുഴുവൻ തെരഞ്ഞിട്ടും കടുവയെ കണ്ടെത്തിയില്ല. രാത്രി മുഴുവൻ സ്റ്റീൽ പാത്രങ്ങൾ കൊണ്ട് ഒച്ച വയ്ക്കുകയായിരുന്നു. അത് ഒന്ന് കുറച്ചപ്പോ ചെറിയ മുരൾച്ച കേട്ടു. രാവിലെ 3.30 ആയപ്പോൾ അടുത്ത് തോട്ടത്തിലുള്ള മ്ലാവ് ബഹളം വയ്ക്കുന്നുണ്ടായിരുന്നു. നായയും കുരയ്ക്കാൻ തുടങ്ങി. പത്ത് മാസം പ്രായമുള്ള പശുകിടാവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. അതിനെ എടുക്കാൻ ആണോന്നറിയില്ല വീണ്ടും കടുവ തൊഴുത്തിലേക്കെത്തിയത് ജനൽ വഴി കണ്ടു. ഞങ്ങൾ പാത്രങ്ങൾ ഉച്ചത്തിൽ അടിച്ചും തൊഴുത്തിന് മുകളിലുള്ള തകിടിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞും ശബ്ദം ഉണ്ടാക്കി. കടുവ റോഡിൽ കൂടി കടന്നു പോയതായി ആംഡ് ഫോഴ്സ് ഓഫീസർ വിളിച്ചറിയിച്ചിരുന്നു. ചേട്ടൻ രാജൻ, സഹോദരി വത്സമ്മ എന്നിങ്ങനെ മൂന്ന് കുടുംബങ്ങളായി ആണ് ഞങ്ങളിവിടെ താമസിക്കുന്നത്. ഒന്നര വയസ് പ്രായമായ കുഞ്ഞുങ്ങളടക്കം ഇവിടെയുണ്ട്. ഞങ്ങൾ എല്ലാവരും ഭയത്തോടെയാണ് കഴിയുന്നത്. കടുവയെ പിടിയ്ക്കാനായി രണ്ട് കൂടുകൾ വച്ചിട്ടുണ്ട്. അഞ്ച് മണിയ്ക്ക് ശേഷം പുറത്തിറങ്ങരുതെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.