തിരുവല്ല: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളിലെ വാർഡുതല ജാഗ്രത സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ തീരുമാനം. തിരുവല്ല നിയോജക മണ്ഡലത്തിലെ കൊവിഡ് കെയർ സെന്ററുകളുടെ സജ്ജീകരണങ്ങൾ വിലയിരുത്താൻ റസ്റ്റ് ഹൗസിൽ ചേർന്ന അവലോകനയോഗത്തിലാണ് പുതിയ തീരുമാനങ്ങൾ. ഒരു വിധത്തിലുള്ള ക്വാറന്റൈൻ ലംഘനവും അനുവദിക്കില്ല. പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും കൂടുതൽ കൊവിഡ് കെയർ സെന്ററുകൾ കണ്ടെത്താൻ ശ്രമിക്കണം.കൊവിഡ് കെയർ സെന്ററുകളിൽ എല്ലാ സജ്ജീകരണങ്ങളും ഉണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും പഞ്ചായത്തുതലത്തിൽ കൊവിഡ് കെയർ സെന്ററുകൾ ഒരുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ തൊട്ടടുത്ത പഞ്ചായത്തുമായോ മുനിസിപ്പാലിറ്റിയുമായോ സഹകരിച്ച് പ്രവർത്തിക്കണം. ആരെങ്കിലും ക്വാറന്റൈൻ ലംഘനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം. ഇതര സംസ്ഥാനത്തു നിന്നും എത്തുന്നവർ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയണം.വീടുകളിൽ അതിനുള്ള സാഹചര്യമില്ലാത്തവർക്ക് സർക്കാർ സെന്ററുകളിൽ നിരീക്ഷണത്തിൽ കഴിയാം. വീടുകളിൽ കഴിയുന്നവർ സമ്മതപത്രം നൽകുകയും ക്വാറന്റൈൻ ചട്ടങ്ങൾ പാലിക്കുകയും വേണം.വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ വീട്ടിലെ മറ്റ് അംഗങ്ങളുമായി ഇടപഴകാൻ പാടില്ല.നാട്ടിലേക്ക് വരുന്ന ആളുകൾ നേരിട്ട് നിരീക്ഷണ കേന്ദ്രങ്ങളിലേക്കോ വീടുകളിലേക്കോ എത്തുന്നുണ്ടെന്ന് അതത് പഞ്ചായത്തും മുനിസിപ്പാലിറ്റിയും ഉറപ്പുവരുത്തണം.ജനപ്രതിനിധികളുടെ പൂർണ സഹകരണം ഇതിനാവശ്യമാണ്.നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ സ്റ്റിക്കർ പതിപ്പിക്കണം. ഇതരസംസ്ഥാനത്തു നിന്നും എത്തുന്ന ആളുകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും ഉറപ്പാക്കണമെന്നും യോഗം തീരുമാനിച്ചു. സാമൂഹിക അകലം പാലിച്ചു ചേർന്ന യോഗത്തിൽ മാത്യു ടി. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടർ പി.ബി നൂഹ്,സബ് കളക്ടർ ഡോ.വിനയ് ഗോയൽ, മുൻസിപ്പൽ ചെയർമാൻ ആർ.ജയകുമാർ,എൻ.എച്ച്.എം ഡി.പി.എം ഡോ.എബി സുഷൻ,പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഡിവൈ.എസ്.പി, സി.ഐമാർ,തിരുവല്ല, മല്ലപ്പള്ളി തഹസീൽദാർമാർ,വില്ലേജ് ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.