പത്തനംതിട്ട : നഴ്സ് ആയി ജീവിച്ചത് മുപ്പത്തൊന്നു വർഷമാണ്. സർവീസിൽ കയറിയിട്ട് 23 വർഷം. ഈ വർഷത്തിനിടയ്ക്ക് ഇത്രയും മാനസിക സമ്മർദ്ദങ്ങളുണ്ടായതും അതിലേറെ അഭിമാനവും സന്തോഷവും തോന്നിയ സമയം മുമ്പ് ഉണ്ടായിട്ടേയില്ല.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ഹെഡ് നഴ്സ് ആയി ഈ മാസം വിരമിക്കുന്ന ശോഭനാമണിയുടെ വാക്കുകളാണിത്. ഫെബ്രുവരിയിൽ ചൈനയിൽ നിന്നെത്തിയ കുട്ടികൾക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും രോഗം ഉണ്ടായിരുന്നില്ല. എന്നാൽ മാർച്ച് 6ന് ആശുപത്രിയിലെത്തിയ ഇറ്റലിയിൽ നിന്ന് വന്ന കുടുബത്തിന് രോഗം സ്ഥിരീകരിച്ച നിമിഷം ഒന്നു പതറിപോയെന്നത് സത്യമാണ്. പക്ഷെ സഹപ്രവർത്തകരും ആർ.എം.ഒ ഡോ. ആഷിഷും നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. ഹെഡ് നഴ്സ് ആയി ഞാനും ഏഴ് സ്റ്റാഫ് നഴ്സും രണ്ട് നഴ്സിംഗ് അസിസ്റ്റന്റും രണ്ട് ഗ്രേഡ് 2 അറ്റൻഡറുമായിരുന്നു കൊവിഡ് ജോലിയിൽ ഉണ്ടായിരുന്നത്. നല്ലൊരു ടീം ആയിരുന്നു അതെന്ന് ശോഭനാമണി പറയുന്നു. ഭർത്താവ് കൊടുമൺ ശരവണയിൽ ഗോപാലകൃഷ്ണ പിള്ള ഒരു സർജറി കഴിഞ്ഞ് ഇരിക്കുന്നതിനാൽ ജോലിയ്ക്ക് പോയിവരേണ്ടി വരുമായിരുന്നു. പുറത്ത് നിന്ന് തന്നെ വൃത്തിയായി മാത്രമേ വീട്ടിനുള്ളിൽ പ്രവേശിക്കുമായിരുന്നുള്ളു. ആരുമായും സമ്പർക്കം പുലർത്താതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. നിരവധി പനി രോഗങ്ങൾ കണ്ടിരുന്നുവെങ്കിലും കൊവിഡ് എങ്ങനെ പരിചരിക്കണം എന്ന് പോലും നിശ്ചയം ഉണ്ടായിരുന്നില്ല. കൃത്യമായ പരിശീലന പരിപാടികളിലൂടെയാണ് ജോലി മനസിലാക്കിയിരുന്നത്. ഇപ്പോൾ എന്ത് ചെയ്യണമെന്ന് ആരും പറയേണ്ട. ഇനി എന്ത് സാഹചര്യം വന്നാലും നേരിടാം എന്നൊരു വിശ്വാസം ഉണ്ട്. നഴ്സ് ഉഷയും അറ്റൻഡർ രാജനും ഇറ്റലിയിൽ നിന്ന് വന്ന കുടുംബത്തിലെ പ്രായമായ ദമ്പതികളേയും കൊണ്ട് ആംബുലൻസിൽ പോയപ്പോഴാണ് ഏറ്റവും അധികം ഭയന്ന നിമിഷം. അവരോടൊപ്പമിരുന്നായിരുന്നു പോയത്. പക്ഷെ ഭയപ്പെട്ടത് പോലെ ഒന്നും സംഭവിച്ചില്ല.
ഇപ്പോൾ കൊവിഡ് കാലത്ത് മാലാഖമാരെ സ്നേഹിക്കുന്ന കാണുമ്പോൾ സന്തോഷമുണ്ട്. ഇന്നുവരേയും ആത്മസന്തോഷത്തോടെ ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇനി കുടുംബത്തിൽ ചെലവഴിക്കാനാണ് ആഗ്രഹം. മകൾ അനൂഷ വിവാഹിതയാണ്. മകൻ അമൽ കൃഷ്ണൻ.
നല്ലൊരു വിടവാങ്ങലാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു തുടക്കം. പിന്നീട് പി.എച്ച്.സികളിലും ജോലി ചെയ്തു. ഒരു പക്ഷെ വീടിനേക്കാൾ കൂടുതൽ സമയം ആശുപത്രിയിലാകും ചെലവഴിച്ചിട്ടുള്ളത്.
ചില സന്ദർഭങ്ങളിൽ രോഗികൾ നഴ്സുമാരോട് കയർക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്. അവരെ കുറ്റം പറയാനില്ല. അവരും ക്യൂ നിന്നും ക്ഷമ നശിച്ചുമായിരിക്കും അങ്ങനെ പെരുമാറുക. നഴ്സുമാർ ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ഒരു പോലെ ചെയ്യേണ്ടി വന്നേക്കാം. അവരും സമ്മർദ്ദത്തിലായിരിക്കും.