തണ്ണിത്തോട്: മേടപ്പാറയിലെ എസ്റ്റേറ്റിൽ ടാപ്പിംഗ് തൊഴിലാളിയെ കൊന്ന കടുവയെ അഞ്ചാം ദിവസവും കെണിയിലാക്കാൻ കഴിയാതെ വനം വകുപ്പ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 നായിരുന്നു സ്വാമിമലയിൽ ടാപ്പിംഗ് തൊഴിലാളി ബിനീഷ് മാത്യുവിനെ കടുവ കൊലപ്പെടുത്തിയത്. അന്ന് മുതൽ വനപാലകർ സ്ഥലത്ത് നിരീക്ഷണം നടത്തുകയാണ്. പിന്നീട് പ്രദേശത്തെ വീട്ടുപരിസരങ്ങളിലും ട്രോൺ നിരീക്ഷണത്തിലും കടുവയെ കാണാനായി. ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 13 അംഗ ദൗത്യസംഘവും കുങ്കിയാനയും കടുവയെ പിടികൂടാനായി പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്. റാപ്പിഡ് റെസ്‌പ്പോൺസ് ടീമിന്റെ തേക്കടി, റാന്നി യൂണിറ്റംഗങ്ങളും സായുധരായ വനപാലകരും പൊലീസും സ്ഥലത്തുണ്ട്.

24 മണിക്കൂർ നിരീക്ഷണം

തണ്ണിത്തോട് പഞ്ചായത്തിലെ എല്ലാ സ്ഥലങ്ങളും വന്യമൃഗ ഭീഷിണിയിലാണ്. കാട്ടുപന്നി, ആന, കാട്ടുപോത്ത്, പുലി എന്നിവയുടെ സാന്നിദ്ധ്യം എല്ലായിടത്തുമുണ്ട്. ജനവാസ മേഖലയിലെ വനത്തോടു ചേർന്ന പ്രദേശങ്ങളിലെ സോളാർ വേലികൾ പലതും നശിച്ചു, ഇത് അറ്റകുറ്റപണികൾ നടത്തുന്നതിനൊ പുതിയവ സ്ഥാപിക്കുന്നതിനൊ വനം വകുപ്പിന് കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.