ചിറ്റാർ : തണ്ണിത്തോട് പഞ്ചായത്തിലെ മേടപ്പാറയിൽ നിലനിൽക്കുന്ന ഭീതി ഒഴിയുംമുമ്പ് തൊട്ടടുത്ത പഞ്ചായത്തിലും കടുവയുടെ സാന്നിദ്ധ്യം. ഇന്നലെ രാത്രി 12.30 ഒാടെ മണിയാർ പാെലീസ് ക്യാമ്പിന് സമീപം താമസിക്കുന്ന വട്ടമൂട്ടിൽ രാജന്റെ വീട്ടിലെ തൊഴുത്തിൽ നിന്ന് പത്തുമാസം പ്രായം വരുന്ന പശുക്കിടാവിനെ കടുവ പിടികൂടി. തണ്ണിത്തോട്ടിൽ യുവാവിനെ കൊലപ്പെടുത്തിയ കടുവ തന്നെയാണ് മണിയാറിലും എത്തിയതെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു. മണിയാർ ഡാമിന് സമീപം എ.വി.‌ടി ഫാക്ടറിക്ക് അടുത്തയാണ് കടുവയുടെ സാമിപ്യം കണ്ടത്. വനപാലകർ രാവിലെ നടത്തിയ തെരച്ചിലിൽ പുലിയാണെന്ന നിഗമനത്തിൽ എത്തിയെങ്കിലും പിന്നീടുള്ള നിരീക്ഷണത്തിൽ കടുവയാകാനാണ് സാദ്ധ്യത എന്ന് കണ്ടെത്തി. പിടികൂടുന്നതിനായി നാട്ടുകാരുടെ സഹായത്തോടെ സമീപ പ്രദേശത്ത് കൂട് സ്ഥാപിച്ചു. ജനവാസ പ്രദേശത്തേക്ക് കടുവയിറങ്ങുന്നത് ജനങ്ങളിൽ ഭീതി പരത്തുന്നുണ്ട്.

അസിസ്റ്റന്റ് വെറ്റിനറി സർജൻമാരായ ഡോ.ശ്യാം, ഡോ.കിഷോർ, ഡോ. അരുൺ, റാന്നി ഡി.എഫ്.ഒ എം.ഉണ്ണികൃഷ്ണൻ, വടശ്ശേരിക്കര റേഞ്ച് ഓഫീസർ ബി.വേണുഗോപാൽ, റാന്നി റേഞ്ച് ഓഫീസർ ഗിരി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടന്നുവരികയാണ്.