പത്തനംതിട്ട: ലോക് ഡൗണിൽ കഴിഞ്ഞിരുന്ന സമൂഹത്തെ കാർഷിക മുന്നേറ്റത്തിലേക്കു നയിക്കുകയെന്ന ലക്ഷ്യത്തോടെ സി.പി.ഐ ജില്ലാ കൗൺസിൽ ഏറ്റെടുത്ത ഹരിതം പദ്ധതിയിലെ നഗര സൗന്ദര്യവത്കരണത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം പത്തനംതിട്ട റിംഗ് റോഡിൽ മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിക്കും.ഇതോടൊപ്പം കൊടുമണ്ണിൽ രണ്ടര ഏക്കർ സ്ഥലത്ത് ആരംഭിക്കുന്ന കാർഷിക വിള ഉത്പാദന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കുമെന്ന് ജില്ലാ സെക്രട്ടറി എ.പി.ജയനും ചിറ്റയം ഗോപകുമാർ എം.എൽ.എയും പത്രസമ്മേളനത്തിൽ പറഞ്ഞു.
ജില്ലയിലെ നാല് നഗരസഭ പ്രദേശത്തും സ്ഥലം ലഭ്യമാകുന്ന മറ്റു ടൗണുകളിലും റോഡരികിൽ മരങ്ങൾ വച്ചുപിടിപ്പിക്കുകയെന്നതാണ് സൗന്ദര്യവത്കരണം. ഔഷധമൂല്യമുള്ള മരങ്ങളും പുഷ്പിക്കുന്ന മരങ്ങളും പദ്ധതിയിലൂടെ നടും. കർഷകർക്ക് നട്ടുപിടിപ്പിക്കുന്നതിനായി തൈകളുടെ വിതരണവും പദ്ധതിയിൽ നടപ്പാക്കും. കർഷകർക്ക് സൗജന്യമായി തൈകൾ നൽകുന്നതിലേക്ക് ഏഴ് കേന്ദ്രങ്ങൾ ജില്ലയിൽ തുടങ്ങും.അതിജീവനത്തോടൊപ്പം നാളെയുടെ കരുതൽ എന്ന മുദ്രാവാക്യവുമായി ആരംഭിച്ച ഹരിതം പദ്ധതിയിൽ കൃഷിയോഗ്യവും ലഭിക്കാവുന്ന സ്ഥലങ്ങളിലും 22 പച്ചക്കറി തോട്ടങ്ങൾ ആരംഭിക്കാനായി. 20 സെന്റ് മുതൽ 3.5 ഏക്കർ വരെ വരുന്ന സ്ഥലങ്ങളാണ് ഇതിനുവേണ്ടി ഒരുക്കിയിട്ടുള്ളത്.സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി. സജി,പത്തനംതിട്ട മണ്ഡലം സെക്രട്ടറി വി.കെ.പുരുഷോത്തമൻപിള്ള എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.