പന്തളം: തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടു പോയ പത്തനംതിട്ട ജില്ലയിലെ വിദ്യാർത്ഥികൾക്കും സ്വകാര്യ കമ്പനികളിലെ ജീവനക്കാരുമുൾപ്പടെയുള്ള മുപ്പതോളം പേർക്കും നാട്ടിലെത്താൻ കഴിഞ്ഞത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ. തമിഴ്നാട് കേരള അതിർത്തിയായ ആര്യങ്കാവിൽ എത്തിച്ചേർന്നവർക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്താനുള്ള യാത്ര പാസിനും വാഹനത്തിനും ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവരം പന്തളം ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുമ്പുളിക്കൽ ഡി.സി.സി ജനറൽ സെക്രട്ടറി എൻ.സി മനോജിനെ അറിയിച്ചു. മനോജ് ഈ വിഷയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഉമ്മൻ ചാണ്ടി മുൻ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ അഡ്വ.സഞ്ജയ് ഖാനെ വിളിച്ച് വാഹനം ക്രമീകരിക്കുകയും പാസ് ലഭ്യമാക്കാൻ സഹായമൊരുക്കുകയുമായിരുന്നു. ആന്റോ ആന്റണി എം.പി ജില്ലാ കളക്ടർ പി.ബി നൂഹിനെ വിളിച്ച് യാത്ര പാസ് നൽകാനുള്ള ക്രമീകരണം ഒരുക്കിയിരുന്നു. മുപ്പതുപേരെയും വീടിന് സമീപമുള്ള ക്വാറന്റൈൻ സെന്ററുകളിലേക്ക് മാറ്റി.