പത്തനംതിട്ട: കോന്നിയിൽ നിന്ന് ലക്ഷങ്ങൾ വിലപിടിപ്പുളള തേക്കു മരങ്ങൾ വെട്ടിക്കടത്താൻ കാടിന് തീയിട്ടതായി കണ്ടെത്തി. പാടം, കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷനുകളുടെ പരിധിയിൽ നിന്നാണ് 20 ലക്ഷത്തോളം രൂപ വിലവരുന്ന തേക്കുതടികൾ കടത്തിയത്. പറക്കുളം ഭാഗത്ത് തേക്കുതോട്ടത്തിൽ മുൻപ് കാട്ടു തീ ഉണ്ടായിട്ടില്ല. എന്നാൽ, ഇൗവർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇൗ ഭാഗത്തുണ്ടായ കാട്ടുതീ ആസൂത്രിതമായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ആദ്യമായുണ്ടായ തീ വനപാലകർക്കിടയിൽ ചർച്ചയായെങ്കിലും കെടുത്താൻ നേതൃത്വം കൊടുക്കേണ്ട ഉദ്യോഗസ്ഥർ ആ ഭാഗത്തേക്ക് പോകാതെ ക്വാർട്ടേഴ്സിലും വനംവകുപ്പ് ഒാഫീസിലുമിരുന്നു. വാച്ചർമാരെ തീയണക്കാൻ അയച്ച ശേഷം തേക്കുമരങ്ങൾ വെട്ടി കഷണങ്ങളാക്കി കല്ലേലി ചെക്കുപോസ്റ്റ് വഴി കടത്താനുളള നീക്കത്തിലായിരുന്നു ഉദ്യോഗസ്ഥർ. തൊഴിലാളികളെ ഉപയോഗിച്ച് മുറിച്ച് കടത്തിയ തടികളിൽ കുറച്ച് കോന്നിയിലെയും പന്തളത്തെയും വനപാലകരുടെ വീട് പണിക്ക് ഉപയോഗിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് ഇക്കാര്യം അറിയാമെങ്കിലും ബോധപൂർവം മറച്ചു.
സംഭവം പുറത്തറിയുകയും കേരളകൗമുദി വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ പ്രമുഖ ജനപ്രതിനിധിയെ സ്വാധീനിച്ച് വനംവകുപ്പിലെ ഭരണപക്ഷ യൂണിയനിലെ ചില നേതാക്കൾ പ്രതികളെ രക്ഷപ്പെടുത്താൻ നീക്കം നടത്തുകയായിരുന്നു.
ഗൂഢാലോചന വനംവകുപ്പ് ക്വാർട്ടേഴ്സിൽ
തേക്കു മരങ്ങൾ വെട്ടിക്കടത്താൻ ആസൂത്രണം നടന്നത് വനംവകുപ്പിന്റെ ക്വാർട്ടേഴ്സിൽ. മരം വെട്ടുന്നതിന് മുൻപുളള ദിവസങ്ങളിൽ കോന്നി ഡിവിഷണൽ ഒാഫീസിന്റെ ക്വാർട്ടേഴ്സിൽ ആലോചനകളുമായി ഒത്തു ചേർന്നത് ഒരു മുൻ ഡെപ്യൂട്ടി റേഞ്ച് ഒാഫീസറും രണ്ട് വനപാലകരുമാണ്. രാത്രി എട്ടരയോടെ നടന്ന കൂടിയാലോചനയ്ക്ക് ശേഷം തടികടത്തിയ വാഹനത്തിന്റെ ഉടമയും എത്തി. സംഭവം പുറത്തറിഞ്ഞ ശേഷം വാഹനം പിടിച്ചെടുത്തെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല. കല്ലേലി ചെക്ക് പോസ്റ്റ് വഴിയാണ് തടി കൊണ്ടു പോയതെന്നു വ്യക്തമായിട്ടുണ്ട്. പല ദിവസങ്ങളിലായി പരിശോധനയില്ലാതെ തടിയുമായി വാഹനം കടത്തിവിട്ടു.
റബർ തടികൾക്കിടയിലാണ് തേക്ക് ഒളിപ്പിച്ചിരുന്നത്.
തടി കടത്തുകാർക്ക് ഭരണപക്ഷ പാർട്ടികളിലെയും യൂണിയനുകളിലെയും കോന്നിയിലെ ഉന്നതരുമായുളള ബന്ധം അന്വേഷണം വഴിമുട്ടിച്ചു.
കാട്ടുതീയുടെ മറവിൽ തടി കടത്തി,
കേസെടുത്തത് നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ച് ഒാഫീസിൽ,
പ്രതികൾ 4 പേർ മാത്രം,
ആസൂത്രകരായ വനപാലകരെ ഒഴിവാക്കി.