തിരുവല്ല: കൊവിഡ് 19 ലോക്ക് ഡൗൺ ഭീഷണികൾക്കിടയിലും ജില്ലയിൽ 10,400 ടൺ നെല്ല് ഇതുവരെ സംഭരിക്കാനായി. ജില്ലയിലാകെയുള്ള 2042 കർഷകരിൽ നിന്നുമാണിത്. ചിലഭാഗങ്ങളിൽ ഇപ്പോഴും കൊയ്ത്തും സംഭരണവും നടക്കുകയാണ്. സംഭരണം പൂർത്തിയാകാൻ ഇനിയും ദിവസങ്ങളെടുക്കും. എങ്കിലും ഭേദപ്പെട്ട വിളവാണ് ഇത്തവണ ലഭിച്ചത്. പ്രളയശേഷം പാടശേഖരങ്ങളിൽ എക്കൽ കയറിയതിനെ തുടർന്ന് കഴിഞ്ഞതവണ റെക്കാഡ് വിളവ് ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ അത്രയും നെല്ല് ഉൽപ്പാദനം ഉണ്ടാകാൻ സാദ്ധ്യതയില്ല. എങ്കിലും സാമാന്യം നല്ലവിളവ് ലഭിച്ചെന്നാണ് കർഷകർ പറയുന്നത്.

കൊയ്ത്ത് നടക്കുന്ന പാടങ്ങൾ

ആവണി, നെടുമ്പാല,താനപ്പള്ളി,മണിയനോടി, ഇരവിപേരൂർ, പന്തളം തോന്നല്ലൂർ, മാവറ,കടപ്ര മോർവേലിപ്പാടം

കൊയ്ത്തു നടക്കാനുള്ള പാടങ്ങൾ

കടപ്ര പോരു പുഞ്ച, കാക്കയിൽ, എടപ്പുഞ്ച.

എറണാകുളം,പാലക്കാട്,കോട്ടയം,ആലപ്പുഴ മേഖലകളിലെ സ്വകാര്യമില്ലുകളാണ് സപ്ലൈകോ മുഖേന കർഷകരിൽ നിന്ന്

നേരിട്ട് നെല്ല് സംഭരിച്ചത്. ജില്ലയിൽ ഉൽപാദിപ്പിക്കുന്ന നെല്ല് മുഴുവനും സപ്ലൈകോയ്ക്ക് നൽകുകയാണ് പതിവ്. ജില്ലയിലെ 35 കൃഷിഭവനുകളുടെ പരിധിയിലാണ് നെല്ലുൽപാദനം ഉള്ളത്.

കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില നൽകി തുടങ്ങി. ഇപ്പോൾ സംഭരിക്കുന്ന നെല്ലിന്റെ വിലയും താമസിക്കാതെ നൽകും.

സി.എൽ. മിനി,

നെല്ല് സംഭരണത്തിന്റെ

ചുമതലയുള്ള ഓഫീസർ

കൂട്ടായി പ്രതിരോധിച്ചു
കൊവിഡ് ഭീതിയിൽ വാഹനങ്ങളും തൊഴിലാളികളും എത്താതിരുന്നതിനാൽ ആശങ്കയോടെയാണ് നെല്ല് സംഭരണം തുടങ്ങിയത്. മുഖ്യമന്ത്രിയുടെയും കൃഷി മന്ത്രിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടലിൽ പ്രശ്നങ്ങൾ ഒഴിവായി.

പെരിങ്ങര നെല്ലറ
ജില്ലയിൽ ഇത്തവണയും ഏറ്റവുമധികം നെൽകൃഷി ചെയ്തു വിളവെടുത്തത് പെരിങ്ങര പഞ്ചായത്തിലെ കർഷകരാണ്. ഇവിടുത്തെ 966 കർഷകരിൽ നിന്നായി 4200 ടൺ നെല്ല് സംഭരിച്ചു. ജില്ലയിലെ നെല്ലുൽപാദനത്തിന്റെ 40 ശതമാനവും വർഷംതോറും പെരിങ്ങരയുടെ സംഭാവനയാണ്.

ജില്ലയിൽ സംഭരിച്ച നെല്ല്: 10,400 ടൺ

സംഭരണം കഴിഞ്ഞ വർഷങ്ങളിൽ

2018 ൽ : 8626 ടൺ

2019 ൽ : 13,156 ടൺ

സപ്ലൈകോയിൽ രജിസ്റ്റർ ചെയ്ത കർഷകർ: 2796

ഒരുകിലോ നെല്ലിന്റെ സംഭരണ വില: 26.95രൂപ