kaduva

വടശേരിക്കര: ജനവാസ മേഖലയിലെത്തിയ കടുവയുടെ മുന്നിൽ നിന്ന് ടാപ്പിംഗ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വടശേരിക്കര ചമ്പോൺ മേഖലയിലെ റബ്ബർ തോട്ടത്തിൽ ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ കടുവയെ കണ്ടത് മാടമൺ അതംമ്പനാകുഴി കിഴക്കേപ്പറമ്പിൽ കെ.ആർ മോഹനൻ ആണ്. ചേന്നാട്ട് സാബുവിന്റെ റബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു മോഹനൻ. ഒരു മരത്തിന്റെ ചുവട്ടിൽ നിന്ന് അടുത്തതിന്റെ ചുവട്ടിലേക്ക് ഹെഡ് ടോർച്ചിന്റെ വെളിച്ചത്തിൽ നടക്കുമ്പോഴാണ് കടുവയെ കണ്ടത്.

''12 അടി അടുത്തെത്തി. അപ്പോഴാണ് ഒരു ജീവി റബറിന്റെയും തേക്ക് മരത്തിന്റെയും ഇടയിൽ കിട‌ക്കുന്നത് കണ്ടത്. പന്നിയാണോ എന്ന സംശയത്തിൽ ഒന്നുകൂടി നോക്കി. കണ്ണിന്റെ തിളക്കത്തിൽ കടുവായാണെന്ന് തിരിച്ചറിയുകയായിരുന്നു'' :-മോഹനൻ പറഞ്ഞു.

കടുവയുടെ മുന്നിൽ നിന്ന് ഓടിയ മോഹനൻ നൂറ്റൻപത് മീറ്ററോളം ദൂരെ താമസിക്കുന്ന അജയഭവനം അജയന്റെ വീട്ടിൽ അഭയം തേടി. പിന്നാലെ കടുവ എത്തിയെങ്കിലും വീട്ടുകാർ ബഹളം വച്ചതോടെ തോട്ടത്തിലേക്ക് മറഞ്ഞു.

വിവരമറിഞ്ഞ് മണിയാറിലും മേടപ്പാറയിലുമായി കടുവ വേട്ടയ്ക്കായി എത്തിയ വനപാലക സംഘം സ്ഥലത്തെത്തി. വയനാട്, റാന്നി വനം ദ്രുതകർമ്മ സേനാംഗങ്ങൾ കടുവയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. കൈകാലുകൾ പതിഞ്ഞത് പരിശോധിച്ച് കടുവയെന്ന് ഉറപ്പിച്ചു. കടുവയ്ക്ക് ഏകദേശം എട്ട് വയസ് കാണുമെന്ന് വനപാലകർ പറഞ്ഞു.

ആന്റോ ആന്റണി എം.പി, രാജു ഏബ്രഹാം എം.എൽ.എ, വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാനാപ്പളളി തുടങ്ങിയവരും രാഷ്ട്രീയ നേതാക്കളും സ്ഥലത്തെത്തി. റാന്നി ഡി.എഫ്.ഒ. ഉണ്ണികൃഷ്ണൻ, എ.സി.എഫ് കെ.വി. ഹരികൃഷ്ണൻ,റേഞ്ച് ഓഫീസർമാരായ ബി. വേണുകുമാർ, ആർ. അദീഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ. രാജേഷ്, ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ ടി. ലിതേഷ്, ഹാഷിഫ് എന്നിവരുടെ നേതൃത്വത്തിൽ വൻ വനപാലക സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

തണ്ണിത്തോട് മേടപ്പാറയിൽ ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചു കൊന്ന കടുവ ഞായറാഴ്ച രാത്രി മണിയാറിൽ തൊഴുത്തിൽ നിന്ന പശുകിടാവിനെ കൊലപ്പെടുത്തിയിരുന്നു.

@ വടശേരിക്കരയിൽ പരിഭ്രാന്തി, കൂട് വച്ചു

കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ വടശേരിക്കരയിലെ ജനങ്ങൾ പരിഭ്രാന്തിയിലായി. വനംവകുപ്പ് ഇരുമ്പ് കൂട് സ്ഥാപിച്ച് കെണിയൊരുക്കി. വടശേരിക്കര പഞ്ചായത്തിലെ റബ്ബർ തോട്ടങ്ങളിലെ അടിക്കാടുകൾ തെളിക്കാനും റബ്ബർ ടാപ്പിംഗ് തൊഴിലാളികൾ രാവിലെ അഞ്ചിന് ശേഷം മാത്രം തോട്ടങ്ങളിലെത്താവുയെന്നും അധികൃതർ അറിയിച്ചു.

രണ്ടു വാർഡുകളിൽ നിരോധനാജ്ഞ

കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വടശേരിക്കര ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡ് മണിയാർ, കോന്നി താലൂക്കിലെ ചിറ്റാർ ഗ്രാമപഞ്ചായത്ത് 11ാം വാർഡ് കട്ടച്ചിറ എന്നീ പ്രദേശങ്ങളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലിൽ കൂടുതൽ ആളുകൾ കൂട്ടംകൂടുകയോ രക്ഷാ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കാനോ പാടില്ല. ഇന്നലെ വൈകിട്ട് ആറു മുതൽ 15ന് അർദ്ധരാത്രിവരെയാണ് നിരോധനാജ്ഞ.