തണ്ണിത്തോട് : ജനവാസ മേഖലയിൽ അക്രമണകാരിയായ വന്യജീവികളെ വെടിവച്ച് കൊല്ലുന്നതിന് 1972 ലെ വനം ​ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.റ്റി.ഡി.സി. ഡയറക്ടറും, എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റുമായ കെ.പത്മകുമാർ കേന്ദ്ര ​ വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചു. മേടപ്പാറയിൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ റബർതോട്ടത്തിൽ ടാപ്പിങ്ങ് തൊഴിലാളിയെ കൊല്ലുകയും ജനവാസ മേഖലയിലെ വീടുകളുടെ സമീപത്ത് കടുവയെത്തുകയും ചെയ്തതോടെ മലയോര മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്. വന്യമൃഗശല്യം രൂക്ഷമായതോടെ തണ്ണിത്തോട് പഞ്ചായത്തിലെ ജനങ്ങൾ കാർഷികവൃത്തി ഉപേക്ഷിക്കുകയാണ് . ജനവാസ മേഖലയോടു ചേർന്ന വനമേഖലയിൽ സോളാർ വേലിയും കിടങ്ങുകളും സ്ഥാപിച്ച് ജനങ്ങളെ വന്യമൃഗ ഭീഷിണിയിൽ നിന്ന് രക്ഷിക്കണം. വന്യമൃഗങ്ങളുടെ ഭീഷിണിയുണ്ടായ മേടപ്പാറ ഈട്ടിമുട്ടിൽ റെജിമോൻ, അഞ്ചു കുഴി, തെക്കേകൊല്ലനേത്ത്, സതീഷ്, മേടപ്പാറ പുളിമൂട്ടിൽ സുരേഷ്, മേടപ്പാറ വലിയ കാലായിൽ വിനോദ് , വലിയ കാലയിൽ മോഹനൻ എന്നിവരുടെ വീടുകളും കെ.പത്മകുമാർ സന്ദർശിച്ചു. എസ്.എൻ.ഡി.പി.യോഗം പത്തനംതിട്ട യൂണിയൻ കൗൺസിലർ കെ.എസ്.സുരേശൻ, 3108 മേടപ്പാറ ശാഖാ പ്രസിഡന്റ് പി.ഡി.ശശിധരൻ, സെക്രട്ടറി റ്റി.കെ.പങ്കജാക്ഷൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.