അടൂർ : പണ്ട് ക്ഷാമകാലത്ത് മലയാളിയുടെ വയർ നിറച്ചത് കപ്പയാണെന്ന് പഴമക്കാർ പറയും. കൊവിഡ് കാലം ഉയർത്തുന്ന പ്രധാന ഭീതിയും ഭക്ഷ്യക്ഷാമത്തിന്റേതാണ്. കരുതിയിരിക്കാൻ സർക്കാർ പറയുമ്പോൾ ഏഴംകുളം പഞ്ചായത്തിലെ പുതുമല വാർഡിൽ ഒരു സംഘം കപ്പകൃഷിയുടെ പ്രചരണവും തുടങ്ങി. പൊതുപ്രവർത്തകനായ ബാബുജോണിന്റെ നേതൃത്വത്തിലാണ് കപ്പയുടെ പ്രധാന്യം ജനങ്ങളിലെത്തിക്കുന്നത്. പറയുക മാത്രമല്ല നടാൻ വേണ്ടി എല്ലാ വീട്ടിലും ആവശ്യമുള്ളത്രയും കപ്പക്കമ്പുകൾ നൽകുകയും ചെയ്യും.പുരയിടങ്ങൾ റബർ കൃഷിക്ക് വഴിമാറിയതോടെ കപ്പ പടിക്കുപുറത്തായിട്ടുണ്ട്. വിപണിയിൽ നിന്ന് വാങ്ങുന്നത് ഫാഷനുമായി.ഇതോടെ വില കിലോയ്ക്ക് 35 രൂപവരെയായി. ഇൗ സാഹചര്യത്തിലാണ് എല്ലാ വീടുകളിലും കപ്പ കൃഷി ചെയ്യാനുള്ള സന്ദേശം നൽകുന്നത്. ഒരു വീട്ടിൽ കുറഞ്ഞത് നാല് മൂട് കപ്പയെങ്കിലും വേണമെന്നാണ് നിർദ്ദേശം
നടാൻ പാകത്തിൽ ഒരടി നീളത്തിൽ കമ്പുകൾ മുറിച്ച് കെട്ടുകളാക്കി മുന്നൂറോളം വീടുകളിൽ എത്തിച്ചു. . നടാൻ പറമ്പില്ലാത്തവർ വീട്ടുമുറ്റത്തും ചാക്കുകളിലുമൊക്കെ നടുന്നുണ്ട്. ചിറ്റയം ഗോപകുമാർ എം. എൽ. എയാണ് ഉദ്ഘാടനം ചെയ്തത്. ബാബു ജോണിനൊപ്പം ബിജു ഉണ്ണിത്താൻ, മോഹനൻ തുടങ്ങിയവരും കപ്പ പ്രചാരണത്തിനുണ്ട്.
.
---------------------
കപ്പയുടെ കഥ
യൂഫോർബിയേസീ എന്ന സസ്യകുടുംബത്തിലെ അംഗമാണ് മരച്ചീനി എന്ന കപ്പ. ബ്രസീൽ ജന്മസ്ഥലമായ മരച്ചീനിയെ പോർച്ചുഗീസുകാരാണ് ഏഷ്യ ഭൂഖണ്ഡത്തിലെത്തിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിലാണ് ഇന്ത്യ, ശ്രീലങ്ക, , ചൈന, ഫിലിപ്പീൻസ്, മലേഷ്യ, തായ്വാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ കപ്പകൃഷി വ്യാപകമായത്. തിരുവിതാംകൂർ മഹാരാജാവായ വിശാഖം തിരുനാളാണ് മലയയിൽ നിന്ന് കപ്പകേരളത്തിലെത്തിച്ചത്.
---------------
കപ്പകൃഷി വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത് ജനങ്ങളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നുണ്ട്. ഭക്ഷ്യപ്രതിസന്ധിയുണ്ടായാലും കപ്പയിലൂടെ ഒരുപരിധിവരെ നമുക്ക് പ്രതിരോധിക്കാനാകും.
ബാബു ജോൺ.
പൊതു പ്രവർത്തകൻ