nooh

പത്തനംതിട്ട: ഒരു മാസത്തിനു ശേഷം ജില്ലയിൽ കൊവിഡ് 19 കേസ് റിപ്പോർട്ട് ചയ്തു. അബുദാബിയിൽ നിന്ന് ഇക്കഴിഞ്ഞ 7ന് നാട്ടിലെത്തിയ കൊട്ടാങ്ങൽ സ്വദേശിയായ 69കാരിക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാന്നിയിലെ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയവെ പരിശോധനനിൽ കൊവിഡ് ആണെന്ന സംശയത്തെ തുടർന്ന് പത്തനംതിട്ടയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 18 ആയി.

രണ്ടാം ഘട്ടം കൊവിഡ് വ്യാപനത്തിൽ ജില്ലയിൽ അവസാനമായി കൊവിഡ് സ്ഥിരീകരിച്ചത് ഏപ്രിൽ 12നായിരുന്നു. മെയ് ആറിന് അവസാന കൊവിഡ് രോഗിയെയും ചികിത്സിച്ച് ഭേദമാക്കി വീട്ടിലേക്ക് അയച്ച് ജില്ല കൊവിഡ് മുക്തമായെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് പുതിയ പോസിറ്റീവ് കേസ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

ജില്ലയിൽ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 256 പേരെ 51 ക്വാറന്റൈൻ കേന്ദ്രങ്ങളിലായി താമസിപ്പിച്ചിട്ടുണ്ട്.

@ കൊവിഡ് സ്ഥിരീകരിച്ചത് കളക്ടർ സ്വീകരിച്ചയാൾക്ക്

കൊവിഡ് പശ്ചാത്തലത്തിൽ അബുദാബിയിൽ നിന്ന് ഇക്കഴിഞ്ഞ ഒൻപതിന് ജില്ലയിലെത്തിയ സംഘത്തിലെ 69കാരിക്കാണ് ഇന്നലെ കൊവിഡ് സ്വീകരിച്ചത്. ഇവരുടെ മരുമകൻ കൊവിഡ് ബാധിച്ച് അബുദാബിയിൽ മരണപ്പെട്ടിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ പത്തനംതിട്ടയിലെത്തിയ ജില്ലയിലെ ആദ്യ സംഘത്തെ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ സ്വീകരിച്ചത് ജില്ലാ കളക്ടർ പി.ബി നൂഹിന്റെ നേതൃത്വത്തിലാണ്. നാലംഗ സംഘം സഞ്ചരിച്ച ബസിൽ കയറിയ കളക്ടർ കൊവിഡ് രോഗി അടക്കമുളളവരോട് സംസാരിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.

@ കൊവിഡ് സംശയത്തിൽ ഏഴ് പേർ

ജില്ലയിൽ കൊവിഡ് രോഗ സംശയത്താൽ ഏഴ് പേരെക്കൂടി ആശുപത്രികളിലെ െഎസൊലേഷൻ കേന്ദ്രങ്ങളിലാക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും മൂന്ന് വീതവും അടൂർ ജനറൽ ആശുപത്രിയിൽ ഒരാളുമാണ് നിരീക്ഷണത്തിലുളളത്. ഇവരുടെ പരിശോധന ഫലങ്ങൾ ഇന്നും നാളെയുമായി ലഭിക്കും.