പത്തനംതിട്ട : ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപകമായതോടെ പ്രതിരോധ നടപടികൾ കർശനമാക്കുകയാണ് അധികൃതർ. കൊതുകുകൾ പെരുകുന്ന പ്ലാന്റേഷൻ എസ്റ്റേറ്റുകൾക്ക് പുറമേ നൂറിലധികം വീടുകൾക്കും സ്ഥാപനങ്ങൾക്കും പഞ്ചായത്ത് സെക്രട്ടറിമാർ നോട്ടീസ് നൽകി.. വെച്ചൂച്ചിറയിൽ മാത്രം നാൽപ്പത് വീടുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ വൃത്തിയാക്കിയില്ലെങ്കിൽ 5000 രൂപ പിഴ ഈടാക്കുമെന്ന് നോട്ടീസിൽ പറയുന്നു. പൊതുജനാരോഗ്യ നിയമപ്രകാരമാണ് നടപടി. .
പനി ബാധിച്ച് നാലുപേർ മരിച്ചതോടെയാണ് നടപടികൾ കർശനമാക്കിയത്. ഇതിലൊരാൾക്ക് എലിപ്പനിയായിരുന്നു. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തതിന്റെ നാലിരട്ടി ഡെങ്കിപ്പനിയാണ് ഈ വർഷം ഉണ്ടായത്. ലോക്ക് ഡൗണിൽ വീടുകളിൽ ഇരിക്കുമ്പോൾ പകർച്ച വ്യാധികൾ പെരുകാനുള്ള സാദ്ധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ.
മെഴുവേലി, കൂടൽ, തിരുവല്ല മുനിസിപ്പാലിറ്റി, ചിറ്റാർ, ഇലന്തൂർ , വെച്ചൂച്ചിറ എന്നിവിടങ്ങളിലാണ് എലിപ്പനി കൂടുതൽ. ഡെങ്കിപ്പനി കൂടുതൽ വെച്ചൂച്ചിറയിലാണ്.
----------------
@ ഇൗഡിസ് ഇൗജിപ്റ്റി കൊതുകുകൾ പരത്തുന്ന ഡങ്കു വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡങ്കിപ്പനി. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന വരയൻ കൊതുകുകൾ അഥവാ പുലിക്കൊതുകുകളാണിവ. പകൽ സമയം മാത്രമാണ് മനുഷ്യരെ കടിക്കുന്നത്.
@ ജന്തുജന്യ രോഗമാണ് എലിപ്പനി. എലി, കന്നുകാലികൾ, നായ, പന്നി, കുറുക്കൻ എന്നിവയാണ് രോഗവാഹകർ. ഇവയുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കൾ പുറത്തുവരുന്നത്.
---------------------
ജനുവരി മുതൽ എപ്രിൽ വരെ
ഡെങ്കിപ്പനി
2019 - 29
2020 - 90
2020 മേയ് 12 വരെ : 111
-----------
എലിപ്പനി
2020
ഏപ്രിൽ :15
മാർച്ച് : 10
മേയ് 12 വരെ : 12
-------------------
"പകർച്ചവ്യാധി ജാഗ്രതാ നിർദേശങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ കൊതുകുകൾ കുറയാനും കാടുകൾ തെളിക്കാനും പബ്ലിക് ഹെൽത്ത് നോട്ടീസ് നൽകിയിട്ടുണ്ട്. ഇത് പാലിച്ചില്ലെങ്കിൽ നടപടിയെടുക്കും. "
ഡോ.എബി സുഷൻ,
നാഷണൽ ഹെൽത്ത് മിഷൻ,
ജില്ലാ പ്രോഗ്രാം മാനേജർ
----------------
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
വ്യക്തി, പരിസര ശുചിത്വം പാലിക്കണം
രോഗ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടുക
വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്
തിളപ്പിച്ചാറിച്ച വെള്ളം കുടിക്കുക
കൊതുകിന്റെ ഉറവിട നശീകരണം
--------------