ഇളമണ്ണൂർ: ലോക്ക് ഡൗൺ നാലാം ഘട്ടത്തിൽ ഗ്രാമീണ വീഥികൾ തെരുവ് നായകളുടെ വിഹാര കേന്ദ്രമായി മാറി. ലോക്ക് ഡൗണിന്റെ ആരംഭഘട്ടത്തിൽ മാദ്ധ്യമ ശ്രദ്ധ നേടാനും സോഷ്യൽ മീഡിയയിൽ താരമാകാനും തെരുവ് നായ്ക്കൾക്ക് ഭക്ഷണം എത്തിച്ച് നൽകാൻ മത്സരമായിരുന്നുവെങ്കിൽ ആറിയ കത്തി പഴങ്കഞ്ഞി എന്ന അവസ്ഥയാണിപ്പോൾ. ഭക്ഷണം കിട്ടാതായതോടെ ഗ്രാമീണ പ്രദേശങ്ങളിലെ തെരുവ് നായ്ക്കൾ ആക്രമണ സ്വഭാവം കാണിച്ച് തുടങ്ങി.സമീപ ദേശങ്ങളിലെ വീടുകളിലെ വളർത്ത് മൃഗങ്ങളെ അടക്കം അക്രമിക്കുന്നത് പതിവായി. വ്യാപാരികൾ കടകൾ തുറക്കാൻ എത്തുമ്പോൾ ഏറെ ശ്രമകരമായാണ് ഇവയെ തുരത്തുന്നത്.തെരുവ് നായ്ക്കളെ കൊല്ലുന്നത് നിയമപരമായി പാടില്ലാത്തതിനാൽ വന്ധീകരിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾ വഴി ശ്രമം നടത്തിയിരുന്നു.എന്നാൽ ഇത് കടലാസിൽ ഒതുങ്ങിയ മട്ടാണ്.
എന്തിനേയും ആക്രമിക്കും
രാപ്പകൽ വ്യത്യാസമില്ലാതെയാണ് തെരുവ് നായ്ക്കൾ വിഹരിക്കുന്നത്. തലനാരിഴക്കാണ് പലരും ഇവയുടെ അക്രമണത്തിൽ നിന്നും രക്ഷപെടുന്നത്.അതിരാവിലെ തന്നെ പത്രം വിതരണം ചെയ്യുന്നവർക്കും പ്രഭാത സവാരിക്കിറങ്ങുന്നവർക്കും ഇരുചക്ര വാഹന യാത്രികർക്കും വലിയ ഭീഷണിയാണിവ. ലോക്ക് ഡൗൺ ആദ്യ ഘട്ടത്തിൽ സുഭിക്ഷ ഭക്ഷണം ലഭ്യമായിരുന്ന ഇവയ്ക്ക് ഇപോൾ വിശപ്പ് സഹിക്കാൻ വയാതായതോടെ മുന്നിലെത്തുന്ന എന്തിനെയും ആക്രമിക്കുകയാണ്.
--------------------------------------------------
-വ്യാപാരികളെ ആക്രമിക്കുന്നു
-പത്രവിതരണക്കാർക്കും ഭീഷണി
-കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ പറ്റുന്നില്ല
----------------------------------------------------
തെരുവ് നായ്ക്കൾ റോഡുകളിൽ ആക്രമസക്തരാകുന്നുണ്ട്. വളർത്തുമൃഗങ്ങൾക്കും ഭീഷണിയാണിവ.അടിയന്തരമായി അധികൃതർ നടപടിയെടുക്കണം
സോമ ശേഖരൻ
(പ്രദേശവാസി)