പത്തനംതിട്ട: കോന്നി പാടം, കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിൽ നിന്ന് കൂറ്റൻ തേക്കുമരങ്ങൾ വെട്ടിക്കടത്തിയവർക്ക് വനം മന്ത്രിയുടെ ഒാഫീസുമായും ബന്ധം. അന്വേഷണം വനംകൊള്ള ആസൂത്രണം ചെയ്ത വനപാലകരിലേക്ക് തിരിയാതിരിക്കാനും വഴിമുട്ടിക്കാനും മന്ത്രിയുടെ ഒാഫീസിലെ ഒരു ജീവനക്കാരന്റെ സ്വാധീനം ഉപയോഗിച്ചു. തേക്കുമരങ്ങൾ വെട്ടിക്കടത്തിയ കോന്നിയിലെ വനപാലകന്റെ അടുത്ത ബന്ധുവാണ് മന്ത്രി ഒാഫീസിലെ ജീവനക്കാരൻ.
വനംകൊള്ളയിൽ പങ്കുള്ള മുൻ ഡെപ്യൂട്ടി റേഞ്ച് ഒാഫീസറെയും മറ്റൊരു വനപാലകനെയും ചോദ്യം ചെയ്യണമെങ്കിൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണം. അത് ലഭിച്ചിട്ടില്ല. കോന്നി വനം ഡിവിഷന്റെ ക്വാർട്ടേഴ്സിൽ പല രാത്രികളിലായാണ് വനംകൊള്ളയുടെ ഗൂഢാലോചന നടന്നതെന്ന് വ്യക്തമായിരുന്നു.
തെളിവുകൾ ലഭിച്ചിട്ടും അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തത് മന്ത്രി ഒാഫീസിലെ ജീവനക്കാരന്റെയും കോന്നിയിലെ സി.പി.െഎയുടെയും എൻ.ജി.ഒ യൂണിയന്റെയും നേതാക്കളുടെ ഇടപെടൽ മൂലമാണ്.
വനംകൊള്ളയിൽ പങ്കുളള വനപാലകരും അന്വേഷണ ഉദ്യോഗസ്ഥരും ഒരേ ഫോറസ്റ്റ് റേഞ്ച് പരിധിയിലായതിനാൽ വിവരങ്ങൾ ചോർന്നു. അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച വനപാലകർ രക്ഷപ്പെടാനുളള പഴുതുകൾ കണ്ടെത്തി. ഒടുവിൽ, കള്ളൻമാർ കപ്പലിൽ തന്നെയെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഉന്നത ഇടപെടലിലൂടെ അന്വേഷണത്തിന് തടയിട്ടു. ചോദ്യം ചെയ്യാൻ പോലും അവസരം ലഭിച്ചില്ല. അന്വേഷണം തങ്ങളിലേക്ക് നീളുന്നുവെന്ന് മനസിലാക്കിയാണ് ഉന്നതരെ ഇടപെടുവിച്ചത്.
@ കാട്ടുകളളൻമാർ വിപുലമായ തയ്യാറെടുപ്പുകൾ നടത്തി
കാട്ടുകള്ളൻമാർ വിപുലമായ തയ്യാറെടുപ്പോടെയാണ് മരങ്ങൾ വെട്ടിക്കടത്തിയതെന്ന് വ്യക്തമായി. കോന്നിയിലെ വനംവകുപ്പ് ക്വാർട്ടേഴ്സിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി പല രാത്രികളിൽ കൂടിയാലോചനകൾ നടത്തി. തടിവെട്ടുകാരും പങ്കെടുത്തു. മദ്യസൽക്കാരങ്ങൾ നടന്നു. ഉൾവനങ്ങളിൽ ആദിവാസികളെക്കൊണ്ട് തീയിട്ടു. 44 പോയിന്റുകളിൽ തീയിട്ടതായാണ് വനംവകുപ്പിന്റെ ജി.പി.എസ് സംവിധാനത്തിൽ തെളിഞ്ഞത്. ഇത്രയും സ്ഥലത്ത് അടുത്തടുത്ത ദിവസങ്ങളിൽ തീപടർന്നത് സംസ്ഥാനത്ത് തന്നെ ആദ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊക്കാത്തോട് സ്വദേശികളെക്കൊണ്ട് തേക്കു മരങ്ങൾ വെട്ടിക്കടത്തിയ ശേഷം മൊബൈൽ ഫോൺ സിം കാർഡുകൾ പല തവണ മാറ്റി.
തടി കടത്തിയ നാല് പേർക്കെതിരെ മാത്രം കേസെടുത്തു. ഒരാൾ പത്തനംതിട്ട കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി. മൂന്ന് പേർ ഒളിവിലാണ്.