mla
മഴയിൽ തകർന്നുവീണ പെരിങ്ങര ചിറയപറമ്പിൽ സുരേന്ദ്രന്റെ വീട് മാത്യു ടി. തോമസ് എം.എൽ.എ സന്ദർശിച്ചപ്പോൾ

തിരുവല്ല: കനത്ത മഴയിലും കാറ്റിലും വീടിന്റെ ഒരുഭാഗം പൂർണമായും തകർന്നു വീണു. സമീപ മുറിയിൽ ഉറങ്ങുകയായിരുന്ന നാലംഗ കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പെരിങ്ങര 11-ാം വാർഡിൽ ചിറയിൽ പറമ്പിൽ എസ്. സുരേന്ദ്രന്റെ വീടാണ് തകർന്നത്. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. കനത്ത മഴ പെയ്യുന്നതിനിടെ വീടിന്റെ ഒരു ഭാഗത്തെ ഭിത്തി ഇടിഞ്ഞ് മേൽക്കൂരയടക്കം നിലംപതിക്കുകയായിരുന്നു. ഇടിഞ്ഞു വീണ മുറിയുടെ സമീപത്തെ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്നു സുരേന്ദ്രനും ഭാര്യയും രണ്ട് മക്കളും. അലമാര അടക്കമുള്ള ഗൃഹോപകരണങ്ങൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. മാത്യു ടി. തോമസ് എം എൽ എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ്, വാർഡ് മെമ്പർ പി.ജി പ്രകാശ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.