ചെങ്ങന്നൂർ: ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഓട്ടോറിക്ഷ തൊഴിലാളികൾ ലോക് ഡൗൺ എല്ലാവരെയും ബാധിച്ചപ്പോൾ സമൂഹത്തിൽ ചെറിയ വരുമാനം കൊണ്ട് കുടുംബം പോറ്റിയ ഓട്ടോറിക്ഷ തൊഴിലാളികളെയാണ് ഏറ്റവും കൂടുതൽ ദുരിതം ബാധിച്ചിരിക്കുന്നത്. സ്വന്തമായിതൊഴിൽ എന്ന ആഗ്രഹം സഫലമാക്കിയത് ബാങ്ക്ലോൺ എടുത്ത് ഓട്ടോ വാങ്ങുന്നത്.വായ്പ അടച്ച് മിച്ചംവരുന്ന കുറച്ചുകാശുകൊണ്ട് മക്കളുടെ വിദ്യാഭ്യാസവും മറ്റു ജീവിതച്ചെലവുകളും നടത്തി ജീവിതം തള്ളിനീക്കിയിരുന്ന ഇവരുടെ ജീവിതമാണ് ഇപ്പോൾ വഴിമുട്ടിയിരിക്കുന്നത്.മൂന്നു മാസത്തെ മൊറട്ടോറിയം ആണെങ്കിലും ലോണെടുത്ത ബാങ്കിൽ നിന്നും പണം അടയ്ക്കാൻ നിർബന്ധിച്ച് ഫോൺ കോളുകൾ വരുന്നു.വിവാഹിതരായി കുടുംബത്തിൽ നിന്നും മാറി താമസിക്കേണ്ടി വന്നവർക്ക് റേഷൻ ആനുകൂല്യങ്ങളോ കിറ്റുകളോ ലഭിക്കുന്നില്ല.കുടുംബത്തിലെ റേഷൻകാർഡിൽ പേരുഉള്ളതാണ് റേഷൻ നിഷേധിക്കാൻ കാരണം. തൊഴിലാളികളുടെ ക്ഷേമനിധി ബോർഡിൽ നിന്നും അനുവദിച്ച 2000 രൂപ കിട്ടാൻ അർഹതയുള്ളവർ 70 ശതമാനം പോലും ഇല്ല. കൂടുതൽ ഓട്ടോകളും മുതലാളി വിഹിതം മാത്രമേ ക്ഷേമനിധി ബോർഡിൽ അടക്കാറുള്ളൂ. ഈക്കാരണത്താൽ തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ നിന്നും അനുവദിക്കുന്നതും, ലഭിക്കേണ്ടതുമായ ആനുകൂല്യങ്ങൾക്ക് തൊഴിലാളികൾ അർഹരല്ല.അടുത്തുള്ള ചെറിയ ഓട്ടങ്ങൾ പോലും ഓടാൻ അനുവദിക്കാത്തത് കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നു.ദാരിദ്ര്യത്തിന് ഇടയിൽ കിട്ടുന്ന ചെറിയ സവാരിക്കായി പുറത്തിറങ്ങിയ തൊഴിലാളികളെ പൊലീസ് പിടികൂടി വൈകുന്നേരംവരെ സ്റ്റേഷനിൽ നിറുത്തിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. തൊഴിലാളി യൂണിയനുകൾ ശക്തമായി ഇടപെട്ട് സർക്കാരിൽ നിന്നും പരിഹാരം ഉണ്ടാക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
ഭാര്യ തയ്യൽ തൊഴിലാളി,മകൾ ബി.എസ്.സി നേഴ്സ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ട്രെയിനിയായി ജോലി ചെയ്തിരുന്നു. രണ്ടാൾക്കും തൊഴിൽ നഷ്ടപ്പെട്ടു.സർക്കാരിന്റ ആനുകൂല്യം ഒന്നും ലഭിച്ചിട്ടില്ല.തൊഴിലും വരുമാനവും ഇല്ലാതെ ദാരിദ്ര്യത്തിലാണ് കുടുംബം.
പി.കെ ബാലകൃഷ്ണൻ
(ചെങ്ങന്നൂർ മാർക്കറ്റിലെ ഓട്ടോറിക്ഷ തൊഴിലാളി)