അടൂർ : ഹയർ സെക്കൻഡറി പരീക്ഷയുടെ ഇന്നലെ ആരംഭിച്ച മൂല്യനിർണയത്തിനായി നിയോഗിച്ച അദ്ധ്യാപകരിൽ എത്തിയത് മൂന്നിലൊന്നുപേർ മാത്രം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ മുൻകരുതലോടും കൂടിയാണ് ജില്ലയിലെ അഞ്ച് മൂല്യ നിർണയ കേന്ദ്രങ്ങളിൽ ഒന്നായ അടൂർ ബോയ്സ് ഹയർ സക്കൻഡറി സ്കൂളിലും സൗകര്യം ഒരുക്കിയിരുന്നത്. 16,000 ഉത്തരകടലാസുകളാണുള്ളത്.. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നായി 204 അദ്ധ്യാപകരെയാണ് നിയമിച്ചിരുന്നത്. അദ്ധ്യാപകർ അവരുടെ സൗകര്യാർത്ഥ്യം തിരഞ്ഞെടുത്ത കേന്ദ്രമാണ് നൽകിയത്. ബസ് സൗകര്യം ഇല്ലാത്തതിനാൽ എഴുപത് പേർ മാത്രമാണ് എത്തിയത്. എത്താതിരുന്നതിൽ ഏറെയും അദ്ധ്യാപികമാരാണ്. മറ്റുള്ളവർ സ്വയം വാഹനങ്ങൾ ഒാടിച്ചും പലരുടെയും സഹായത്തോടെയുമാണ് എത്തിയത്. സാമൂഹ്യ അകലം പാലിക്കുന്നതിനായി 16 മുറികളാണ് ക്രമീകരിച്ചിരുന്നത്. ഇൗ മുറികൾ അടൂർ ഫയർ സ്റ്റേഷന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.മാസ്ക് ധരിച്ചാണ് മൂല്യ നിർണയം നടത്തിയത്. കൈകൾ ശുചീകരിക്കുന്നതിന് സാനിട്ടൈസർ ഉൾപ്പെടെയുള്ള സൗകര്യവും ഒരുക്കിയിരുന്നു. 8 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ അദ്ധ്യാപകരുടെ കുറവ് കാരണം മുഴുവൻ ഉത്തരക്കടലാസുകളുടെയും മൂല്യനിർണയം നടത്താനാകുമോയെന്ന് സംശയമുണ്ട്.