മല്ലപ്പള്ളി: വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ കോട്ടാങ്ങൽ വായ്പ്പൂര് സ്വദേശിനിയായ വീട്ടമ്മക്ക് കൊവിഡ് സ്ഥിരീകരിച്ചതോടുകൂടി മല്ലപ്പള്ളി താലൂക്കും കൊവിഡ് പട്ടികയിലായി. വിദേശത്തായിരുന്ന മകളുടെ കുടുബത്തെ സന്ദർശിക്കാൻ മൂന്ന് മാസം മുൻപാണ് ഇവർ ഗൾഫിലേക്ക് തിരിച്ചത്. ഇതിനിടെ അത്യാഹിതത്തിൽപെട്ട് മരിച്ച മരുമകന്റെ സംസ്‌ക്കാരത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് നെടുമ്പാശേരി വഴി റാന്നിയിലെത്തിയത്. ഇവിടെ നിരീക്ഷണത്തിരിക്കെയാണ് കൊവിഡ് ബാധയുള്ളതായി കണ്ടെത്തിയത്. സർക്കാരിന്റെ പ്രത്യേക മേൽനോട്ടത്തിലായിരുന്നതിനാൽ കോട്ടാങ്ങൽ പഞ്ചായത്ത് നിവാസികൾ ആശ്വാസത്തിലാണെങ്കിലും അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വലിയ പ്രചാരമാണ് നിലനിൽക്കുന്നത്. ഭയക്കേണ്ട സാഹചര്യമില്ലെങ്കിലും പരിഭ്രാന്തിയുണ്ടാകാതിരിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജൻ ഉൾപ്പെടെയുള്ളവർ നവമാദ്ധ്യമത്തിലൂടെ സന്ദേശം നൽകിവരികയാണ്. ർറാന്നി നിയോജകമണ്ഡലത്തിൽ പലർക്കും മുൻപ് കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും മണ്ഡലത്തിൽ ഉൾപ്പെട്ട മല്ലപ്പള്ളി താലൂക്ക് പരിധിയിൽ താമസിക്കുന്ന ഒരാൾക്ക് ഇതാദ്യമായാണ് കൊവിഡ് ഉണ്ടായിരിക്കുന്നത്. ജനങ്ങൾ തുടർന്നുവരുന്ന ജാഗ്രത തുടരണമെന്നും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പടേണ്ട ഒരു സാഹചര്യവുമില്ലെന്ന് താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.